നാളെ എന്നൊന്നില്ലാത്തതുപോലെ താന്‍ കരയുകയായിരുന്നു… പ്രൊഫസറിന്റെ വാക്കുകള്‍ ആരാധകരുടെയും കണ്ണുനിറക്കുമ്പോള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണ്‍ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സെപ്റ്റംബര്‍ 3ന് മണി ഹെയ്സ്റ്റ് സീസണ്‍ 5 റിലീസാവുകയാണ്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് മണി ഹെയ്സ്റ്റിന്റെ 4-ാമത്തെ സീസണ്‍ അവസാനിച്ചത്.
സീസണ്‍ 5ന്റെ ആദ്യഭാഗം സെപ്തംബര്‍ മൂന്നിനും രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനും റിലീസ് ചെയ്യും.

പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. സീരീസിലെ ഏറ്റവും സംഘര്‍ഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3, 4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

2017-ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

ഉദ്വോഗജനകമായ നിമിഷങ്ങളുമായാണ് അഞ്ചാമത്തെ സീസണ്‍ എത്തുന്നതെന്നാണ് അല്‍വാരോ മോര്‍ട്ടെ പറയുന്നത്. ഷൂട്ടിംഗിന്റെ അവസാനദിവസം തന്നെ സംബന്ധിച്ച് വളരെ വികാരനിര്‍ഭരമായ ഒന്നായിരുന്നെന്നും ‘നാളെ എന്നൊന്നില്ലാത്തതുപോലെ’ താന്‍ കരയുകയായിരുന്നുവെന്നും അല്‍വാരോ മോര്‍ട്ടെ പറയുന്നു. രണ്ട് ഭാഗങ്ങളാണ് അവസാനസീസണിലുള്ളത്. ”പരമ്പര എങ്ങനെ അവസാനിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. വളരെ ഉദ്വോഗജനകമായ നിമിഷങ്ങളുള്ള, ധാരാളം ആക്ഷനുള്ള, വളരെ ആവേശകരമായ ഒന്നാണ് പുതിയ സീസണ്‍,” അല്‍വാരോ പറയുന്നു.

2020 ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. അതിനാല്‍ തന്നെ നെറ്റ്ഫ്‌ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്.

വളരെ ബുദ്ധിമുട്ടേറിയതും വൈകാരികമായതുമായ ഒന്നായിരുന്നു അവസാന സീസണിന്റെ ചിത്രീകരണമെന്നും അല്‍വാരോ കൂട്ടിച്ചേര്‍ക്കുന്നു. ഇത് അവസാന സീസണിന്റെ ചിത്രീകരണമാണെന്ന് നിങ്ങള്‍ക്കറിയാം. ഒരു വശത്ത് ചിത്രീകരിക്കുന്ന സീനില്‍ നിങ്ങളേറെ വ്യാപൃതനാണ്, എന്നാല്‍ മറുവശത്ത് നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്നു, പ്രൊഫസറായുള്ള വേഷപ്പകര്‍ച്ചയുടെ അവസാനമാണിത്. അതിനാല്‍ തന്നെ ഏറെ ബുദ്ധിമുട്ടേറിയ നിമിഷങ്ങള്‍ ചിത്രീകരണത്തിലുടനീളം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്പാനിഷ് ക്രൈം- ഡ്രാമയില്‍ എല്ലാ കൊള്ളകളുടെയും മാസ്റ്റര്‍ ബ്രെയിന്‍ ആയ സെര്‍ജിയോ അഥവാ പ്രൊഫസര്‍ എന്ന കഥാപാത്രത്തെയാണ് അല്‍വാരോ മോര്‍ട്ടെ അവതരിപ്പിക്കുന്നത്. ബുദ്ധിരാക്ഷസനായ പ്രൊഫസര്‍ക്ക് ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദം തന്നെ നേടി കൊടുക്കാന്‍ മണിഹൈയ്സ്റ്റ് സീരിസിന് സാധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News