മണി ഹെയ്സ്റ്റ് അഞ്ചാം സീസണ്‍: സീരീസ് കാണാന്‍ തൊഴിലാളികള്‍ക്ക് അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ കമ്പനി

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണ്‍ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സെപ്റ്റംബര്‍ 3ന് മണി ഹെയ്സ്റ്റ് സീസണ്‍ 5 റിലീസിനെത്തുമ്പോള്‍ ജയ്പൂരിലെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വെര്‍വ് ലോജിക് എന്ന കമ്പനിയാണ് സെപ്റ്റംബര്‍ മൂന്നിന് സീരീസ് കാണാന്‍ അവസരമൊരുക്കിക്കൊണ്ട് മുഴുവന്‍ തൊഴിലാളികള്‍ക്കും അവധി പ്രഖ്യാപിച്ച് ശ്രദ്ധ നേടുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ കഠിനാധ്വാനം ചെയ്ത തൊഴിലാളികള്‍ക്ക് സമ്മാനമെന്നോണമാണ് ഈ തീരുമാനം.

‘വ്യാജ ലീവ് അപേക്ഷകളും, കൂട്ട അവധികളും, ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതും തടയാന്‍ വേണ്ടി മാത്രമല്ല ഈ തീരുമാനം കൈകൊണ്ടത്, ചില സമയങ്ങളില്‍ അവധിയെടുത്ത് ആഘോഷിക്കുന്നത് ജോലിസ്ഥലത്തെ ഊര്‍ജത്തിനുള്ള മികച്ച മരുന്ന് കൂടിയാണെന്ന് ഞങ്ങള്‍ക്കറിയാം.’.കമ്പനിയുടെ സി ഇ ഓ അഭിഷേക് ജയ്ന്‍ പങ്കുവച്ച കത്തില്‍ വ്യക്തമാക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് മണി ഹെയ്സ്റ്റിന്റെ 4-ാമത്തെ സീസണ്‍ അവസാനിച്ചത്.

സീസണ്‍ 5ന്റെ ആദ്യഭാഗം സെപ്തംബര്‍ മൂന്നിനും രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനും റിലീസ് ചെയ്യും. പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചിരുന്നു. സീരീസിലെ ഏറ്റവും സംഘര്‍ഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്‌പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3, 4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. 2017-ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

2020 ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. അതിനാല്‍ തന്നെ നെറ്റ്ഫ്ളിക്‌സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel