താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി; അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുതെന്ന് ഇന്ത്യ

താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽനിന്നുള്ള ഇന്ത്യാക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസുമായാണ് ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. താലിബാന്റെ ആവശ്യപ്രകാരമാണ് ചർച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്.

ഇപ്പോഴും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യാക്കാരുടെ മടങ്ങി വരവ് ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അഫ്ഗാനിലെ ന്യൂനപക്ഷമായ സിഖുകാർക്കും ഹിന്ദുക്കൾക്കും ഇന്ത്യയിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ അതിന് അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അഫ്ഗാൻ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവർത്തനങ്ങൾക്ക് താവളമാകരുതെന്ന കർശനമായ മുന്നറിയിപ്പും താലിബാന് മുന്നിൽ ഇന്ത്യ വെച്ചിട്ടുണ്ട്. ഇതെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാൻ പ്രതിനിധി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News