താലിബാനെ പിന്തുണച്ച് വെട്ടിലായി അഫ്രീദി; ഇംഗ്ലണ്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബാര്‍മി ആര്‍മി

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റത്തെ പിന്തുണച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ‘ബാര്‍മി ആര്‍മി’. ”താലിബാന്‍ ഇത്തവണ വളരെ നല്ല മനസോടെയാണ് വന്നിരിക്കുന്നത് രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ സ്ത്രീകളെ അനുവദിക്കുന്നുണ്ട്”- എന്നാണ് അഫ്രീദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായത് ആണ് അഫ്രീദി മാധ്യമപ്രവര്‍ത്തകരോട് പറയുന്ന വീഡിയോ പങ്കുവച്ചത്. അഫ്ഗാനിലെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളെ അവഗണിച്ചു കൊണ്ടുള്ള അഫ്രിദിയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

താരത്തെ ഇംഗ്ലീഷ് മണ്ണില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്ന് ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മി പ്രഖ്യാപിച്ചു കഴിഞ്ഞു. അഫ്രീദി ഇംഗ്ലണ്ടിലെ ഏതെങ്കലും വിമാനത്താവളത്തില്‍ കാല്‍കുത്തിയാല്‍ പുറത്തേക്കിറങ്ങാന്‍ അനുദവദിക്കില്ലെന്നാണ് ബാര്‍മി ആര്‍മിയുടെ പ്രഖ്യാപനം. കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു അഫ്രീദിയുടെ പ്രസ്താവന.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ തന്റെ അവസാന മത്സരം കളിക്കുന്ന 46-കാരനായ അഫ്രീദി, ”താലിബാന്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നുണ്ട്.” എന്നും പറഞ്ഞു. അവര്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ക്രിക്കറ്റിനെ വളരാന്‍ സഹായിക്കുമെന്നും അഫ്രീദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here