ADVERTISEMENT
ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ നടന്നുവരുന്ന ബാലവേല തടയാൻ പരിശോധന ശക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഉടുമ്പൻചോല മേഖലയിൽ നടത്തിയ പരിശോധനയിൽ ബാല വേല കണ്ടെത്തിയതിനെ തുടർന്ന് രണ്ട് തോട്ടം ഉടമകൾക്കെതിരേ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് ബാലവേല നടക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് പരിശോധന. ജില്ലാ ഭരണകൂടവും ശിശുക്ഷേമ സമിതിയും പൊലീസും വ്യാപകമായ പരിശോധനകളാണ് നടത്തുന്നത്. ഉടുമ്പൻചോല താലൂക്കിലെ വിവിധ മേഖലകളിലായിരുന്നു ആദ്യ ഘട്ടത്തിലെ പരിശോധന.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമുള്ള പരിശോധനയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. നെടുങ്കണ്ടം ആനക്കല്ല് എട്ടേക്കറിലെ ചെട്ടിമറ്റം എസ്റ്റേറ്റ് , പൊന്നാങ്കാണി പച്ചക്കാനം എസ്റ്റേറ്റ് എന്നിവയുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളെ ഉപയോഗിച്ച് അപകടകരമായ ജോലികൾ ചെയ്യിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടികളെ ഉപയോഗിച്ച് കീടനാശിനി ഏലത്തോട്ടങ്ങളിൽ തളിക്കുന്നതടക്കമുള്ള ജോലികൾ ചെയ്യിപ്പിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് ഇടുക്കി എസ് പി ആർ കറുപ്പസ്വാമി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.