വൈപ്പിനില്‍ വള്ളം അപകടത്തില്‍പെട്ടു

പ്രതീകാത്മക ചിത്രം

കൊച്ചി വൈപ്പിനിൽ 48 തൊ‍ഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ഇന്‍-ബോര്‍ഡ് വളളം മറിഞ്ഞു. സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വളളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. പുതുവൈപ്പിനിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്ത് പടിഞ്ഞാറ് ഭാഗത്താണ് അപകടം ഉണ്ടായത്. തലനാരി‍ഴയ്ക്കാണ് വന്‍ദുരന്തം ഒ‍ഴിവായത്.

രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. വൈപ്പിൻ കാളമുക്കിൽ നിന്നും 48 തൊഴിലാളികളുമായി പോയ സെന്‍റ് ആന്റണി എന്ന ഇൻ ബോർഡ് വള്ളം പുതുവൈപ്പ് എൽ എൻജി ടാങ്കിന് സമീപം അപകടത്തിൽ പെടുകയായിരുന്നു.

മൂന്ന് മാസം മുമ്പ് അപകടത്തിൽപ്പെട്ട് മുങ്ങിയ ബോട്ടിന്‍റെ ഇരുമ്പു തകിടിൽ വള്ളം ഇടിച്ച് മറയുകയായിരുന്നു. ഉടൻ സമീപത്തുളള മറ്റ് വള്ളത്തിലുള്ളവർ എത്തി എല്ലാവരെയും രക്ഷപ്പെടുത്തി. കണ്ണൻ എന്ന ഒരു തൊഴിലാളിക്ക് മാത്രമാണ് നിസാര പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് അപകടത്തിൽപ്പെട്ടവർ പറഞ്ഞു.

അപകടം ഉണ്ടായത് കപ്പൽ ചാലിൽ അല്ലെങ്കിൽ അഴിമേഖല ആയതിനാൽ അപകട സാധ്യത കൂടുതലാണ്.  മത്സ്യത്തൊഴിലാളികൾ ആയതിനാലും കടലുമായി പരിചയവും ഭയവും ഇല്ലാത്തതിനാലുമാണ് ദുരന്തം ഒഴിവായത്. സമയോചിതമായ രക്ഷാപ്രവർത്തനവും സഹായകമായി. അപകടത്തിൽ പെടുന്ന ബോട്ടുകൾ നീക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

അപകടത്തിൽ പെട്ട ഇൻ ബോർഡ് വള്ളം കരഭാഗത്ത് നിന്നും അരക്കിലോ മീറ്റർ അടുത്ത് വരെ എത്തിച്ചിട്ടുണ്ട്. ഏകദേശം ഒന്നരക്കോടി രൂപ വരുന്നവയാണ് ഇത്തരം ഇൻ ബോർഡ് വള്ളങ്ങൾ. അപകടത്തിലൂടെ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. എങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് തൊഴിലാളികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here