ആക്രമണം അഴിച്ച് വിട്ട് താലിബാൻ; പഞ്ച്ശീർ പ്രവിശ്യയിൽ ഏറ്റുമുട്ടൽ

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ പഞ്ച്ശീർ പ്രവിശ്യ ആക്രമിച്ച് താലിബാൻ. പഞ്ച്ശീർ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലിൽ എട്ട് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ഇരുപത് വർഷത്തിന് ശേഷമാണ് യു.എസ്. സൈന്യം അഫ്​ഗാനിസ്ഥാനിൽ നിന്ന് പൂർണമായി പിന്മാറുന്നത്. യു.എസ്. സൈന്യം പിൻമാറി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം ഉണ്ടായത്.

ഇപ്പോഴും താലിബാനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പഞ്ച്ശീർ. പഞ്ച്ശീർ ഇനിയും താലിബാന് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിരോധ സേനയ്ക്ക് നേതൃത്വം കൊടുക്കുന്ന അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്.

ഇരു വിഭാ​ഗത്തിൽ നിന്നുമുള്ള നിരവധി പേർക്ക് പരിക്കേറ്റതായും വക്താവ് സ്ഥിരീകരിച്ചു. തങ്ങളുടെ പോരാട്ടം പഞ്ച്ശീർ പ്രവിശ്യക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവൻ അഫ്ഗാൻ ജനതയ്ക്കും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയാണെന്നും നേരത്തെ അഹമ്മദ് മസൂദ് വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച പഞ്ച്ശീർ മേഖലയിലെ ഇന്റർനെറ്റ് കണക്ഷൻ താലിബാൻ വിച്ഛേദിച്ചിരുന്നു. അഹമ്മദ് മസൂദിനൊപ്പം ചേർന്ന മുൻ വൈസ് പ്രസിഡന്റ് അമറുളള സലേ വിവരങ്ങൾ കൈമാറുന്നത് തടയാനായിരുന്നു താലിബാന്റെ നടപടി. ഓഗസ്റ്റ് 15നാണ് അഫ്​ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തത്.

പിന്നാലെ അഷറഫ് ഗനി രാജ്യം വിട്ടപ്പോൾ ഇടക്കാല പ്രസിഡന്റായി അമറുള്ള സ്വയം പ്രഖ്യാപിച്ചിരുന്നു. താലിബാനെതിരേയുളള പോരാട്ടത്തിന് തങ്ങൾക്ക് കെൽപ്പുണ്ടെന്ന് നേരത്തെ തന്നെ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News