എക്കാലത്തെയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും ഒരു ഫ്രെയിമില്‍; ‘ബ്രോ ഡാഡി’യുടെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

‘ലൂസിഫറി’നു ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നതിൻറെ ആവേശത്തിലാണ് പൃഥ്വിരാജ്.’ലൂസിഫറി’ൻറെ തുടർച്ചയായ ‘എമ്പുരാൻ’ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്.

ആ ഇടവേളയിലാണ് ഈ പശ്ചാത്തലത്തിൽ ചിത്രീകരണം സാധ്യമാവുന്ന ‘ബ്രോ ഡാഡി’ പൃഥ്വിരാജ് പ്രഖ്യാപിച്ചത്. നിലവിൽ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന സെറ്റിൽ നിന്നും വ്യക്തിപരമായ മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ്. ‘ബ്രോ ഡാഡി’യിൽ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് അത്.

ടൈറ്റിൽ കഥാപാത്രമായെത്തുന്ന മോഹൻലാലിനൊപ്പം മല്ലിക സുകുമാരനും എത്തുന്ന ഒരു രംഗത്തിൻറെ സ്റ്റിൽ ആണ് പൃഥ്വി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘എക്കാലത്തെയും മികച്ച നടനെയും എക്കാലത്തെയും മികച്ച അമ്മയെയും ഒരേ ഫ്രെയ്‍മിൽ സംവിധാനം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ!’ എന്നാണ് ചിത്രത്തിന് പൃഥ്വി നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

ആവേശത്തോടെയാണ് ആരാധകർ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.ലൂസിഫർ പൊളിറ്റിക്കൽ അണ്ടർടോൺ ഉള്ള ആക്ഷൻ ചിത്രമായിരുന്നെങ്കിൽ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മാണം.

സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹൻ. കലാസംവിധാനം ഗോകുൽദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണൻ എം ആർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ വാവ. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News