പട്ടയ ഭൂമിയിലെ മരംമുറി; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് പട്ടയഭൂമിയിൽ നടന്ന മരംമുറിയെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും, സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പട്ടയ ഭൂമിയിൽ നിന്നും മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ നടപടിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ചും , സിബിഐ അന്വേഷണം ആവശ്യപ്പെട്ടും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. അന്വേഷണം കാര്യക്ഷമമല്ലെന്ന ഹർജിക്കാരൻ്റെ വാദം കോടതി അംഗീകരിച്ചില്ല. നിലവിൽ സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും, സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സംഭവത്തിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ വാദത്തിനിടെ അറിയിച്ചിരുന്നു. 296 കേസുകൾ രജിസ്റ്റർ ചെയ്തതായും മുറിച്ചു നടത്തിയ മരങ്ങൾ ഭൂരിഭാഗവും കണ്ടെടുത്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഗൂഢാലോചന ഉൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. 68 പേരെ പ്രതികളാക്കി കേസെടുത്തു. ഇവർക്കെതിരെ വനസംരക്ഷണ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമം പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സി ബി ഐ അന്വേഷണ ആവശ്യം നിക്ഷിപ്ത താല്പര്യത്തോടെയാണന്ന് സർക്കാർ വാദിച്ചു. സർക്കാർ നിലപാട് അംഗീകരിച്ചാണ് സി ബി ഐ അന്വേഷണ ആവശ്യ ഹർജി കോടതി തള്ളിയത്. എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് അന്വേഷണ സംഘത്തലവന് കോടതി നിർദേശം നൽകി. അന്വേഷണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടാൽ ആർക്കും, പിന്നീട് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here