ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് രോഹിത്

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് രോഹിത് ശര്‍മ്മ. കോലിയെ മറികടന്ന് രോഹിത് ശര്‍മ്മയാണ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്ത്. 773 റേറ്റിംഗാണ് രോഹിത് ശര്‍മ്മക്കുള്ളത്. 2017 നവംബറിനു ശേഷം ഇത് ആദ്യമായാണ് കോലി അല്ലാതെ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റാങ്കിംഗില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആറാം സ്ഥാനത്തുള്ള കോലിക്ക് 766 റേറ്റിംഗ് ആണ് ഉള്ളത്.

ഇന്ത്യക്കെതിരായ ഗംഭീര പ്രകടനത്തോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 916 ആണ് ഇംഗ്ലീഷ് നായകന്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണും മൂന്നാമത്ത് ഓസീസ് താരം സ്റ്റീവ് സ്മിത്തുമാണ് ഉള്ളത്. ഓസ്‌ട്രേലിയന്‍ താരം തന്നെയായ മാര്‍നസ് ലബുഷെയ്ന്‍ നാലാം സ്ഥാനത്തുണ്ട്.

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്‌സ് തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(11). ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 354 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാല്‍ തുടക്കത്തിലെ ചേതേശ്വര്‍ പൂജാരയെയും(91) ക്യാപ്റ്റന്‍ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിന്‍സണ്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ക്രെയിഗ് ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റ് നേടി. സ്‌കോര്‍ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു.

ആദ്യ ടെസ്റ്റ് സമനില ആയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഗംഭീര ജയം കുറിച്ചിരുന്നു. 151 റണ്‍സിനാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയിച്ചത്. രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കെ ടെസ്റ്റ് പരമ്പര ആവേശകരമാവുകയാണ്. നാളെയാണ് പരമ്പരയിലെ നാലാം മത്സരം. ടീമില്‍ ആര്‍ അശ്വിന്‍ കളിക്കുമെന്നാണ് വിവരം. ഇഷാന്ത് ശര്‍മ്മ പുറത്തിരുന്നേക്കും. പരുക്കേറ്റ രവീന്ദ്ര ജഡേജ കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News