കര്‍ഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ല: വി.എന്‍.വാസവന്‍

കർഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖല കാർഷിക രംഗത്തെ വികസനത്തിനായി ഒരുമിച്ചു നിന്നു പ്രവർത്തിക്കുകയാണെന്നും വ്യവസായ പുരോഗതിയിൽ കർഷകന്റെ പങ്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ കൃഷിക്കാരുടെ അത്താണിയായാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്.

ദേശസാൽകൃത – ഷെഡ്യൂൾഡ് ബാങ്കുകളുടെ ലയനത്തോടെ രാജ്യത്താകെ 2218 ശാഖകളാണ് അടച്ചു പൂട്ടിയത്. എബിടി – എസ്ബിഐ ലയനം കഴിഞ്ഞപ്പോൾ കേരളത്തിലെ 117 ശാഖകളും നിരവധി അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും അടച്ചുപൂട്ടി. കാർഷിക മേഖലയിലും കുടിൽ വ്യവസായ രംഗത്തും വായ്പകൾ നൽകി സഹായിക്കാനായി നടത്തിയ ബാങ്ക് ദേശസാൽകരണം ഇതോടെ ഇല്ലാതായി. ഈ ഘട്ടത്തിൽ കർഷകർക്കും സാധാരണക്കാർക്കും താങ്ങായി സമാന്തര സാമ്പത്തിക സങ്കേതങ്ങളായി നിൽക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞു.

പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മൊറട്ടോറിയം അടക്കമുള്ള സഹായ പദ്ധതികൾ സഹകരണ മേഖല നടപ്പിലാക്കി. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ 2600 വീടുകൾ നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ 2006 വീടുകൾ പൂർത്തിയായി കഴിഞ്ഞു. പൊതുജനങ്ങളുടെ ഏതൊരു അവസ്ഥയിലും കൈത്താങ്ങായി നിൽക്കാൻ സഹകരണ മേഖലയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

എല്ലാത്തരത്തിലുള്ള ജനോപകാര നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമല്ലാത്ത ഈ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ട് പോകുകയാണ് സഹകരണ വകുപ്പ്. ഭരണ സമിതിയായാലും ഉദ്യോഗസ്ഥരായാലും ശക്തമായ നടപടികൾ സ്വീകരിക്കും. നിക്ഷേപകർക്ക് ആശങ്കയില്ലാത്ത വിധം നിക്ഷേപങ്ങൾ മടക്കി നൽകാൻ ആവശ്യമായ നടപടികളും സ്വീകരിക്കും.

തൃശ്ശൂരിലുണ്ടായ സംഭവത്തിൽ കൺസോർഷ്യം രൂപീകരിച്ച് നിക്ഷേപം മടക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങളെ സാമാന്യവൽക്കരിച്ച് സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here