കര്‍ണ്ണാലില്‍ സംഭവിച്ചത് ഭരണകൂട കൊലപാതകമെന്ന് കിസാന്‍ സഭ

കര്‍ണ്ണാലില്‍ സുശീല്‍ കാജലിന്റേത് സര്‍ക്കാര്‍ നടത്തിയ കൊലപാതകമെന്ന് കിസാന്‍ സഭ. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി. എസ് ഡി എമ്മിനും ഉതതരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്നും കൊലപാതക കുറ്റത്തിന് കേസ് എടുക്കണം, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കിസാന്‍ സഭ വ്യക്തമാക്കി.

സുശീലിന്റെ കുടുംബത്തിന് അടിയന്തര സഹായമായി അഖിലേന്ത്യാ കിസാന്‍ സഭ ലക്ഷം രൂപ നല്‍കി. കിസാന്‍ സംഘര്‍ഷ് ഫണ്ടില്‍നിന്നുള്ള തുക കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് സുശീലിന്റെ ഭാര്യക്ക് കൈമാറി.

ഹരിയാന കര്‍ണ്ണാലില്‍ കര്‍ഷകസമര ഭടന്‍ സുശീല്‍ കാജല്‍ (55) കൊല്ലപ്പെട്ടത് പൊലീസിന്റെ ക്രൂരമര്‍ദനത്തിലെന്ന് കുടുംബം. ഹൃദയാഘാതത്താല്‍ മരിച്ചെന്ന് പൊലീസ് കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് ഭാര്യ സുദേഷിയും അമ്മ മൂര്‍ത്തിയും വിതുമ്പലോടെ പറഞ്ഞു. ”മൂന്നു ദിവസമായിട്ടും അധികൃതര്‍ ആരും വീട്ടില്‍ വന്നില്ല. സുശീലിന്റെ തലയ്ക്കു പിന്നിലും ശരീരത്തിന്റെ മറ്റ് ഭാ?ഗത്തും മുറിവേറ്റിരുന്നു. മരണശേഷം മുഖം വീര്‍ത്ത് നീലനിറമായി’, മൂര്‍ത്തി പറഞ്ഞു. ഒന്നര ഏക്കറില്‍ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്ന കൂട്ടുകുടുംബത്തിന്റെ നായകനെയാണ് നഷ്ടമായത്.

കര്‍ണ്ണാല്‍ ബസ്താര ടോള്‍ പ്ലാസയില്‍ 28ന് പൊലീസ് ലാത്തിച്ചാര്‍ജിലാണ് സുശീലിന് പരിക്കേറ്റത്. 27 കര്‍ഷകര്‍ക്ക് പരിക്കേറ്റെങ്കിലും ആശുപത്രിയില്‍ എത്തിക്കാനായത് വിരലില്‍ എണ്ണാവുന്നവരെ മാത്രം. റായ്പുര്‍ ജത്തന്‍ ഗ്രാമത്തിലെ വീട്ടിലെത്തിയ സുശീല്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ”സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുപോകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരാളെ പത്തുപേര്‍ വളഞ്ഞിട്ട് അടിച്ചാല്‍ എന്ത് സംഭവിക്കും’, സുദേഷി ചോദിച്ചു.

കര്‍ഷകസമരത്തിന്റെ തുടക്കം മുതല്‍ സജീവമായിരുന്നു സുശീല്‍. സിന്‍ഘു സമരകേന്ദ്രത്തില്‍ വോളന്റിയറായിരുന്നു. അച്ഛന്‍ നേരത്തേ മരിച്ചതോടെ മൂന്നു സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത സുശീലിന് രണ്ടു മക്കളുണ്ട്. ബിരുദധാരികളായ സഹീലും അന്നുവും. മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും, സുശീലിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും എ ഐ കെ എസ് ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള വ്യക്തമാക്കി.

ഹൃദയാഘാതമാണ് മരണ കാരണമെന്നു പറയാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്നും പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിച്ച പൊലീസ് എന്തടിസ്ഥാനത്തിലാണ് മരണകാരണം പറയുന്നതെന്നും അഖിലേന്ത്യാ കിസാന്‍ സഭാ ട്രഷറര്‍ കൃഷ്ണപ്രസാദ് പ്രതികരിച്ചു. സുശീല്‍ കാജലിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കിസാന്‍ സഭ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here