കൊവിഡ് പരിശോധന; എറണാകുളത്ത്‌ വീ‍ഴ്ച വരുത്തുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടിയെന്ന് കലക്‌ടര്‍

എറണാകുളം ജില്ലയില്‍ കൊവിഡ് പരിശോധനയ്ക്കായി എത്തുന്ന എല്ലാ വ്യക്തികളുടെയും  കൃത്യമായ വിവരങ്ങള്‍ എല്‍ഡിഎംഎസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയെന്ന് ബന്ധപ്പെട്ട ലാബുകള്‍ ഉറപ്പാക്കണമെന്നും വീഴ്‌ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കലക്‌ടര്‍ ജാഫര്‍ മാലിക്.

പരിശോധനക്ക് എത്തുന്നവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധി, വാര്‍ഡ് / ഡിവിഷന്‍ നമ്പര്‍ ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തണം. കോവിഡ് പരിശോധനയ്ക്കായി എത്തുന്നവരുടെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നത് വിവിധ പ്രദേശങ്ങളില്‍  ജനസംഖ്യാ ആനുപാതിക പ്രതിവാര രോഗനിരക്ക് കണക്കാക്കുന്നതില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

മുന്നറിയിപ്പ് നല്‍കിയിട്ടും പരിശോധനയ്ക്കായി എത്തുന്ന വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ വിവിധ ലാബുകള്‍ തെറ്റായി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ഇത് കോവിഡ് രോഗബാധിതരായ വ്യക്തികളെ ബന്ധപ്പെടുന്നതിനും തുടര്‍ അന്വേഷണം നടത്തുന്നതിനും തടസ്സം സൃഷ്‌ടിക്കുന്നതിനാല്‍ ഇത്തരം ലാബുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കലക്‌ടര്‍ അറിയിച്ചു.

കൊവിഡ് പരിശോധനയ്ക്ക് മുന്‍പായി എല്ലാ വ്യക്തികളില്‍ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങേണ്ടതാണ്. ഒരിക്കല്‍ കോവിഡ് രോഗസ്ഥിരീകരണം നടത്തിയ വ്യക്തികളെ രണ്ടു മാസത്തിനിടയില്‍ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കരുത്. പേഷ്യന്റ് ക്യാറ്റഗറി ലാബുകള്‍  കൃത്യമായി രേഖപ്പെടുത്തണം.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ കൊവിഡ് പരിശോധന ഫലങ്ങളും 12 മണിക്കൂറിനുള്ളില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും അംഗീകാരം വാങ്ങേണ്ടതുമാണ്. ജില്ലയിലെ എല്ലാ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളും വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മുന്‍പായി പേര്, ഫോണ്‍നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ resultsekm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് രോഗലക്ഷണമുള്ള എല്ലാവരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News