സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ നിറയുന്നു; ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. രാജ്യത്തിന് തന്നെ അപകീർത്തികരമായ രീതിയിൽ വാർത്തകൾ നൽകുന്ന ഇത്തരം യൂട്യൂബ് ചാനലുകൾക്കും വെബ് പോർട്ടലുകൾക്കും എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.

നിസാമുദീൻ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിരുദ്ധ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചുവെന്ന ഹർജി പരിഗണിക്കവെ ആണ് സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചത്. യൂട്യൂബ് ചാനലുകളും വെബ് പോർട്ടലുകളും അസത്യ പ്രചാരണം നടത്തുന്നു എന്നാണ് കോടതി വിലയിരുത്തിയത്.

ആർക്ക് വേണമെങ്കിലും യു ട്യൂബ് ചാനൽ ആരംഭിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. വെബ് പോർട്ടലുകളും, യു ട്യൂബ് ചാനലുകളും വ്യാജ വാർത്തകളാൽ നിറഞ്ഞിരിക്കുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ ശബ്ദം മാത്രമാണ് അവർ കേൾക്കുന്നതെന്നും സ്വകാര്യ മാധ്യമങ്ങൾ എന്ത് കാണിച്ചാലും അതിലൊരു വർഗീയ വശമുണ്ടാകുമെന്നും ജസ്റ്റിസ് എൻ വി രമണ ചൂണ്ടിക്കാട്ടി.

കൃത്യമായ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാൽ അപകീർത്തിപ്പെടുത്തലുകൾ നടക്കുന്നുവെന്നു പരാമർശിച്ച ചീഫ് ജസ്റ്റിസ്
ജഡ്ജിമാർക്കെതിരെ യാതൊരു അടിസ്ഥാനമില്ലാതെ എന്തും എഴുതിവിടുന്ന സ്ഥിതിയാണ് ഉള്ളതെന്നും പറഞ്ഞു. ഇത്തരം സ്വകാര്യ ചാനലുകളെ നിയന്ത്രിക്കാൻ എന്തെങ്കിലും ശ്രമമുണ്ടായോ എന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.

ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്ക കൂടി പരിഗണിച്ച് പുതിയ ഐ.ടി ചട്ടങ്ങൾ തയ്യാറാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പുതിയ ഐ.ടി ചട്ടങ്ങൾ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യവും ഈ ഹർജിയോടൊപ്പം പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News