തങ്ങളെ മറയാക്കി തട്ടിപ്പ് നടത്തുന്ന സംഘമായി ലീഗ് നേതാക്കൾ മാറി; ഇ ഡിയ്ക്ക് മുന്നിൽ തെളിവുകളുമായി കെ ടി ജലീൽ

പാണക്കാട് തങ്ങളെ മറയാക്കി തട്ടിപ്പ് നടത്തുന്ന സംഘമായി ലീഗ് നേതാക്കൾ മാറിയെന്ന് കെ ടി ജലീൽ. ഇ ഡി ഓഫീസിൽ എത്തി ലീഗ് നേതാക്കൾക്കെതിരായ തെളിവുകൾ ഹാജരാക്കിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജലീൽ . കുറേ നാളായി ചന്ദ്രികയെ മറയാക്കി കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുവെന്നും ചന്ദ്രികക്കെന്ന പേരിൽ പാണക്കാട് തങ്ങളുടെ പേരിൽ സ്ഥലം വാങ്ങിയെന്നും ജലീൽ ആരോപിച്ചു.

കുഞ്ഞാലിക്കുട്ടിയെ നാളെ ഇ ഡി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട് . ഈ മാസം 7 ന് കുഞ്ഞാലിക്കുട്ടിയുടെ മകനെയും ഇ ഡി ചോദ്യം ചെയ്യും.

അതേസമയം മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും തെളിവ് നൽകാൻ മുൻ മന്ത്രി കെ ടി ജലീൽ കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ ഹാജരായി. ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

മലപ്പുറം എ ആർ നഗ‍ർ ബാങ്കിലെ കളളപ്പണ നിക്ഷേപത്തിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച സുപ്രധാന രേഖകൾ സമർപ്പിക്കാനാണ് ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിലെത്തിയത്.

എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here