‘തീയില്‍ കുരുത്തത് വെയിലത്ത് കരിയില്ലെന്ന് പറയുന്നതു പോലെയായിരുന്നു സഖാവ്  കരിയന്റെ ജീവിതം, ഈ പുരസ്‌ക്കാരം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ..’ ബിജു മുത്തത്തി എ‍ഴുതുന്നു

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന്‍റെ നിറവിലാണ് കൈരളി ചാനല്‍. മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്ററിയായി കൈരളി ന്യൂസ് സീനിയര്‍ എഡിറ്റര്‍ കെ.രാജേന്ദ്രന്റെ അടിമത്തത്തിന്റെ രണ്ടാം വരവും മികച്ച ബയോഗ്രഫി ഡോക്യുമെന്ററിയായി ബിജു മുത്തത്തിയുടെ കരിയനും തെരഞ്ഞെടുക്കപ്പെട്ടു.

വയനാട്ടില്‍ നക്‌സലൈറ്റ് നേതാവ് വര്‍ഗ്ഗീസിനൊപ്പം ആദിവാസി സമരങ്ങളില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വിപ്ലവകാരി പി. കെ.കരിയന്റെ അധികമൊന്നും അറിയപ്പെടാത്ത ജീവിതത്തെ കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ ജൈവികതയിലൂടെ ആവിഷ്‌കരിച്ച അവതരണ മികവിനായിരുന്നു പുരസ്‌കാരം മുത്തത്തിയെ തേടിയെത്തിയത്. അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ അംഗീകാരം കരിയന് തന്നെ സമര്‍പ്പിക്കുകയായിരുന്നു
ബിജു മുത്തത്തി.

ഈ അവാര്‍ഡ് കരിയന്‍ മൂപ്പനുള്ള ആദരമാണ്..പക്ഷേ ആ സന്തോഷം പങ്കിടാന്‍ മൂപ്പന്‍ ഇപ്പോള്‍ നമുക്കൊപ്പം ഇല്ല എന്നത് സങ്കടം.കരിയന്‍ ഒരു കാലമായിരുന്നു. തീയില്‍ കുരുത്തത് വെയിലത്ത് കരിയില്ലെന്ന് പറയുന്നതു പോലെയായിരുന്നു തൃശിലേരി കൈതവള്ളി കോളനിയിലെ സഖാവ് പി.കെ. കരിയന്റെ ജീവിതം.അനുഭവങ്ങളുടെ ഒരു തീക്കൂന. കരിയന്റെ ആത്മഭാഷണങ്ങള്‍ സ്വയം പ്രകാശിപ്പിക്കുന്ന ജീവിതദര്‍ശനം ഈ ചിത്രത്തെ സ്വയം പൂര്‍ണ്ണമാക്കുന്നു.അതുകൊണ്ട് ഒരിക്കല്‍ക്കൂടി ഈ പുരസ്‌ക്കാരം കരിയന്‍ ചേട്ടന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ.. ബിജു മുത്തത്തി ഫേസ്ബുക്കില്‍ കുറിച്ചു.

ബിജു മുത്തത്തിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഈ അവാര്‍ഡ് കരിയന്‍ മുപ്പനുള്ള ആദരമാണ്..പക്ഷേ ആ സന്തോഷം പങ്കിടാന്‍ മൂപ്പന്‍ ഇപ്പോള്‍ നമുക്കൊപ്പം ഇല്ല എന്നത് സങ്കടം.
കരിയന്‍ ഒരു കാലമായിരുന്നു. തീയില്‍ കുരുത്തത് വെയിലത്ത്
കരിയില്ലെന്ന് പറയുന്നതു പോലെയായിരുന്നു തൃശിലേരി കൈതവള്ളി കോളനിയിലെ സഖാവ് പി.കെ. കരിയന്റെ ജീവിതം.
അനുഭവങ്ങളുടെ ഒരു തീക്കൂന.

വയനാട്ടില്‍ സഖാവ് വര്‍ഗ്ഗീസിനൊപ്പം ആദിവാസി സമരങ്ങളില്‍ പങ്കെടുത്ത കരിയന്‍ ചേട്ടന്‍ ഏഴരവര്‍ഷം അതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടു.
ജയില്‍ വിട്ടുവന്ന് സിപിഐഎമ്മിനൊപ്പം നിന്ന് ആദിവാസി ജനതയുടെ വിമോചന നായകനായി. പഞ്ചായത്തംഗമായി. ഫോക്ക്‌ലോര്‍ അക്കാദമി അംഗമായി.

ഒരായുഷ്‌കാലം മുഴുവന്‍
ആദിവാസികളുടെ മാന്ത്രികാനുഷ്ടാനമായ ഗദ്ദികയെ പരിവര്‍ത്തനത്തിനും പോരാട്ടത്തിനുമുള്ള ആയുധമാക്കി.
ഒരു മന്ത്രവിദ്യകൊണ്ടും ഉച്ചാടനം ചെയ്യാനാവാത്ത ആദിവാസി ചൂഷണങ്ങള്‍ക്കെതിരെ എക്കാലവും ഉറക്കെ മുഴങ്ങിയിരുന്ന തുടിയും താളവുമായിരുന്നു കരിയന്‍ ചേട്ടന്റേത്.

പോയവര്‍ഷത്തെ വര്‍ഗ്ഗീസ് ദിനത്തിന്റെ തലേന്നാളാണ് ഞാനും ക്യാമറമാന്‍ അനില്‍ കല്യാശ്ശേരിയും ഞങ്ങളുടെ വയനാട് റിപ്പോര്‍ട്ടര്‍ കവിയും ചിത്രകാരനുമായ അനൂപ് തെളിച്ച വഴികളിലൂടെ പോയി കരിയന്‍ ചേട്ടനെ കണ്ടെത്തിയത്. വിശദമായൊരു വര്‍ഗ്ഗീസ് എപ്പിസോഡായിരുന്നു ലക്ഷ്യം. പക്ഷേ കരിയന്‍ ചേട്ടനെ കണ്ടതോടെ കഥ മാറി.

ഒറ്റ ദിവസത്തെ പകല്‍ വെളിച്ചത്തില്‍
തീര്‍ക്കാവുന്നതേയായിരുന്നില്ല ‘കരിയന്‍’. അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ മരണം കാരണം ഇടയ്ക്ക് ചിത്രീകരണം മുറിയുകയും ചെയ്തു. രണ്ടാം വട്ടം ഞങ്ങള്‍ ചുരം കയറാനായി വിളിക്കുമ്പോഴാണ് മൂപ്പന്റെ രോഗബാധ അറിയുന്നത്. 2020 മാര്‍ച്ച് 20ന് മരണവും.
മരണാനന്തരമാണ് അപൂര്‍ണ്ണമായ ‘കരിയന്‍’ കേരള എക്‌സ്പ്രസിലൂടെ പ്രക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ഇപ്പോള്‍ മികച്ച ജീവചരിത്ര ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡ് കരിയന് പ്രഖ്യാപിക്കുമ്പോള്‍ ജൂറി പറഞ്ഞ വാക്കുകള്‍ പൂര്‍ണ്ണതയെക്കുറിച്ചുള്ള
ഞങ്ങളുടെ സന്ദേഹങ്ങളെയും തിരുത്തുകയാണ്.
ആ വാക്കുകള്‍ ഇങ്ങനെയാണ്:
‘വയനാട്ടില്‍ നക്‌സലൈറ്റ് നേതാവ് വര്‍ഗ്ഗീസിനൊപ്പം ആദിവാസി സമരങ്ങളില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വിപ്ലവകാരി പി. കെ.കരിയന്റെ അധികമൊന്നും അറിയപ്പെടാത്ത ജീവിതത്തെ കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ ജൈവികതയിലൂടെ ആവിഷ്‌കരിച്ച അവതരണ മികവിന് പുരസ്‌കാരം നല്‍കുന്നു.

കരിയന്റെ ആത്മഭാഷണങ്ങള്‍ സ്വയം പ്രകാശിപ്പിക്കുന്ന ജീവിതദര്‍ശനം ഈ ചിത്രത്തെ സ്വയം പൂര്‍ണ്ണമാക്കുന്നു.’
അതുകൊണ്ട് ഒരിക്കല്‍ക്കൂടി ഈ പുരസ്‌ക്കാരം കരിയന്‍ ചേട്ടന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ..
നന്ദി.
ബിജു മുത്തത്തി

മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്ററിയായി കൈരളി ന്യൂസ് സീനിയര്‍ എഡിറ്റര്‍ കെ.രാജേന്ദ്രന്റെ അടിമത്തത്തിന്റെ രണ്ടാം വരവ് തെരഞ്ഞെടുക്കപ്പെട്ടു.ആഫ്രിക്കയിലെ ഘാനയില്‍ ദുഷ്‌കര സാഹചര്യത്തില്‍ ചിത്രീകരിച്ച അടിമത്തത്തിന്റെ രണ്ടാം വരവ്, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ഇ മാലിന്യങ്ങള്‍ കേരളത്തിലടക്കം സൃഷ്ടിക്കാന്‍ പോകുന്ന ഗുരുതര അവസ്ഥകളെ ചിത്രീകരിക്കുന്ന ഒന്നാണെന്ന് ജൂറി വിലയിരുത്തി. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel