‘കഞ്ഞിക്കുഴിയില്‍ ഇനി മുല്ലപ്പൂക്കാലം’

പച്ചക്കറി കൃഷിയില്‍ നൂറുമേനി വിജയം കൊയ്യുന്ന കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ഇനി മുല്ല പൂക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മുല്ല കൃഷി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത്. തൊഴിലുറപ്പ് കാര്‍ഷിക സംഘങ്ങള്‍ക്ക് കൃഷിക്കാവശ്യമായ ഗുണഭോക്തൃ വിഹിതം നല്‍കും. ഇതുവരെ 180ഓളം കാര്‍ഷിക സംഘങ്ങള്‍ കൃഷിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൃഷിക്കാവശ്യമായ സ്ഥലം ഒരുക്കല്‍, പരിപാലനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തികളിലൂടെ പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. അതുവഴി കാര്‍ഷിക സംഘങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കും. സ്ഥലമൊരുക്കല്‍ മുതല്‍ പരിപാലനം വരെ 600 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ പദ്ധതിയിലൂടെ ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

കൃഷിക്കാവശ്യമായ തൈകള്‍ നഴ്‌സറിയില്‍ പാകമായി വരികയാണ്. 80 സെന്റ് മുതല്‍ ഒരു ഏക്കര്‍ സ്ഥലം വരെ കൃഷിക്കായി സംഘങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പത്ത് മുതല്‍ പതിനഞ്ചു വരെ അംഗങ്ങളുള്ള ഓരോ സംഘത്തിനും 1300 തൈകള്‍ വീതം നല്‍കും. പദ്ധതിയ്ക്കായി ഒരു കാര്‍ഷിക സംഘത്തിന് 4.98 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. 600 ദിവസത്തെ തൊഴില്‍ ദിനങ്ങളിലൂടെയും പൂക്കളുടെ വിളവെടുപ്പിലൂടെയും സംഘങ്ങള്‍ക്ക് മികച്ച വരുമാനവും ലഭിക്കും. മുല്ലപ്പൂക്കളുടെ സംഭരണത്തിനും വിതരണത്തിനുമായി പ്രത്യേക പദ്ധതികളും പഞ്ചായത്ത് നടപ്പാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News