കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന്; കൂടിക്കാഴ്ച തദ്ദേശസ്ഥാപന മേധാവിമാരുമായി

പ്രാദേശിക തലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച നടപടികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണ്ണായക യോഗം. സംസ്ഥാനത്തെ തദ്ദേശസ്ഥാപന മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

പ്രാദേശിക തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുക, നൂതന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തദ്ദേശസ്ഥാപന മേധാവികളുടെ യോഗം വിളിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. വൈകിട്ട് 4നാണ് റിവ്യു മീറ്റിംഗ്. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കൊപ്പം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് റിവ്യു മീറ്റിംഗ് നടത്തുക.

തദ്ദേശസ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനിലെ പുരോഗതിയും യോഗം വിലയിരുത്തും. വാക്സിന്‍ നല്‍കിയതിന്റെ കണക്ക് തദ്ദേശസ്ഥാപനങ്ങളുടെ കൈയില്‍ വേണമെന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

അറുപതിന് മുകളില്‍ പ്രായമുള്ളവരില്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എത്രയും വേഗം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്യും.

സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് എല്ലാ അധ്യാപകര്‍ക്കും വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അധ്യാപക ദിനത്തിന് മുമ്പ് എന്ന ലക്ഷ്യമാണ് ഇതിനായി മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ശക്തമായ ഇടപെടല്‍ ഉറപ്പാക്കുക കൂടിയാണ് യോഗത്തിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിനായി മുന്‍കൂട്ടിക്കണ്ടുളള നടപടികള്‍ നടപ്പാക്കുക. വാര്‍ഡ് തലത്തില്‍ കൊവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കുക. ഇത് ലഭ്യമാകുന്ന മുറയ്ക്ക് ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളും സര്‍ക്കാരിന് മുന്നിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News