നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; അമേരിക്കയില്‍ മരണം 42

പ്രളയദുരിതത്തില്‍ വിറങ്ങലിച്ച് ന്യൂയോര്‍ക്. അമേരിക്കയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ പൂര്‍ണ്ണമായും തകര്‍ത്തതുകൊണ്ടാണ് ഐഡ കടന്നുപോയത്. സമൂഹമാധ്യമങ്ങളില്‍ റോഡുകളില്‍ ഒഴുകി നീങ്ങുന്ന കാറുകളുടെയും മുങ്ങിക്കൊണ്ടിരിക്കുന്ന സബ്വേകളുടേയുമൊക്കെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ക്വീന്‍സില്‍ 8 പേര്‍ മരിച്ചത് വീടിന്റെ ബേസ്മെന്റില്‍ കുടുങ്ങിയാണെന്ന് ന്യൂയോര്‍ക് പൊലീസ് കമ്മിഷണര്‍ ഡെര്‍മറ്റ് ഷിയ പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ ജനങ്ങള്‍ വീടുകളില്‍ കഴിയണമെന്ന് ന്യൂയോര്‍ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ വിമാന-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. തെക്കന്‍ അമേരിക്കയില്‍ ചെറുതല്ലാത്ത നാശനഷ്ടങ്ങള്‍ വരുത്തി വടക്കന്‍ അമേരിക്കയിലേയ്ക്ക് നീങ്ങിയ ഐഡ ചുഴലിക്കാറ്റ് വടക്കന്‍ മേഖലകളില്‍ കനത്ത പ്രളയമാണുണ്ടാക്കിയത്.

മിസിസിപ്പി, ലൂസിയാന, അലബാമ, ഫ്‌ലോറിഡ എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശംവിതച്ചു. യുഎസില്‍ 10 ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ 150,000 ത്തിലധികം വീടുകളില്‍ വൈദ്യുതി തടസ്സമുണ്ടായി. വളരെ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയനഷ്ടത്തെ നേരിടാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. കാലാവസ്ഥാമാറ്റം നേരിടാന്‍ വലിയ പദ്ധതികള്‍ വേണ്ടിവരുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.

വ്യാഴാഴ്ച ഉച്ചയോടെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ വാര്‍ത്താസമ്മേളനത്തില്‍ മഴക്കെടുതികള്‍ നേരിടാന്‍ എല്ലാ സഹായവും ന്യൂയോര്‍ക് ഗവര്‍ണറും ജോ ബൈഡനും വാഗ്ദാനം ചെയ്തു. സെന്‍ട്രല്‍ പാര്‍ക്കില്‍ 94 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ശക്തമായ മഴ രേഖപ്പെടുത്തുന്നതെന്ന് കാലാവസ്ഥാവിഭാഗം പറഞ്ഞു. ഐഡ പോലുള്ള തീവ്രപ്രഹര ശേഷിയുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News