‘പ്രബല നേതാക്കന്‍മാര്‍ക്ക് ചുറ്റും അണി നിരന്ന് നിയമനം കരസ്ഥമാക്കിയവരുടെ കൂട്ടമെന്ന നിലയിലാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം’: എ വിജയരാഘവന്‍

സ്ഥാനമോഹികളുടെ കൂട്ടം മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസ് എന്ന് സി പി ഐ എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ബി ജെ പിയുമായി രഹസ്യധാരണയുണ്ടാക്കി ജമാ അത്തെ ഇസ്ലാമിയുടെയും തോളില്‍ കൈയിടുന്ന കോണ്‍ഗ്രസ് നയത്തെ വിമര്‍ശിക്കേണ്ടതുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു വയ്ക്കുന്നു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

‘എല്‍ ഡി എഫിന് തുടര്‍ഭരണം ലഭിച്ചാല്‍ സി പി ഐ എം വിരുദ്ധ മുന്നണിയായ യു ഡി എഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. മാത്രമല്ല, യു ഡി എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും അതു വഴിവയ്ക്കുമെന്നും ചൂണ്ടിക്കാണിച്ചു. ഇടതുപക്ഷത്തിന്റെ ആഗ്രഹപ്രകടനമായാണ് യു ഡി എഫ് നേതാക്കള്‍ ഈ അഭിപ്രായത്തെ കണ്ടത്. എന്നാല്‍, കാര്യങ്ങള്‍ ആ വഴിയിലേക്കാണ് അതിവേഗം നീങ്ങുന്നതെന്ന് അടുത്ത ദിവസങ്ങളില്‍ ഡി സി സി പ്രസിഡന്റുമാരെ നിയമിച്ചപ്പോള്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസില്‍ നടക്കുന്ന കലാപം ഡി സി സി പ്രസിഡന്റുമാരെ എ ഐ സി സി നേതൃത്വം നാമനിര്‍ദ്ദേശം ചെയ്തതിന്റെ പേരിലാണെങ്കിലും കുറെക്കാലമായി കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന വിവിധ ചേരികള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പുതിയഘട്ടമാണ് ഇത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നേതൃത്വം നല്‍കിയ എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ വീതം വച്ചെടുക്കുന്ന മുന്‍രീതി മാറി. ഗ്രൂപ്പുകള്‍ക്കപ്പുറത്ത് പുതിയ ഗ്രൂപ്പുകള്‍ രൂപംകൊണ്ടു. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിലൂടെ ജനസമ്മതി ആര്‍ജിച്ച നേതൃത്വമെന്ന നിലയിലല്ല, പ്രബല നേതാക്കന്‍മാര്‍ക്ക് ചുറ്റും അണിനിരന്ന് നിയമനം കരസ്ഥമാക്കിയവരുടെ കൂട്ടമെന്ന നിലയിലാണ് ഇന്നത്തെ അവരുടെ നേതൃത്വം പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പുകള്‍ മാറിക്കളിക്കുന്ന അവസരവാദികള്‍ക്കിടയില്‍ ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസുകാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പുതിയ നേതൃപ്രഖ്യാപനത്തിനുശേഷം ഏതാനും പ്രമുഖര്‍ രാജിപ്രഖ്യാപനം നടത്തിയതും പരസ്യമായി ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. ദശാബ്ദങ്ങളായി നിലനിന്ന ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റം കോണ്‍ഗ്രസിന്റെ വളര്‍ച്ചയല്ല തകര്‍ച്ചയെയാണ് പ്രകടിപ്പിക്കുന്നത്.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്വം തലയിലിട്ട്, പ്രതിപക്ഷനേതാവ് സ്ഥാനം നിഷേധിക്കപ്പെട്ട രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പ്രകടിപ്പിച്ച അഭിപ്രായം പലവിധത്തില്‍ ശ്രദ്ധേയമാണ്. സംഘടനാ തെരഞ്ഞെടുപ്പാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയെന്നാണ് അദ്ദേഹം പറഞ്ഞത്. രസകരമായ കാര്യം, കെ പി സി സിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് മൂന്നു പതിറ്റാണ്ടായി എന്നതാണ്. 1992ലാണ് ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പുണ്ടായത്. രമേശ് ചെന്നിത്തല തന്നെ ദീര്‍ഘകാലം കെ പി സി സി പ്രസിഡന്റായത് തെരഞ്ഞെടുപ്പിലൂടെയല്ല എന്നത് യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസിലെ യുവാക്കളെ സംബന്ധിച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന ഓര്‍മയേ കാണില്ല.

കേരളത്തില്‍ മൂന്നു പതിറ്റാണ്ടായെങ്കില്‍, എ ഐ സി സിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് എത്രയോ പതിറ്റാണ്ട് ആയിക്കാണും. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസില്‍ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നത് അപൂര്‍വമായിരുന്നു. നടന്നതെല്ലാം ഒത്തുതീര്‍പ്പുകളായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിനുശേഷം ഇന്ദിര ഗാന്ധിയുടെ കാലത്ത് ജനാധിപത്യപ്രക്രിയ അസ്തമിച്ചെന്ന് പറയാം. ഈ പാര്‍ട്ടിയെ എന്തുകൊണ്ടാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ജനാധിപത്യ കക്ഷിയെന്ന് വിളിക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്. എന്നെങ്കിലും ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമോ എന്നുചോദിച്ചാല്‍ എല്ലാ കോണ്‍ഗ്രസുകാരും പറയുന്ന ഉത്തരം ഇല്ലെന്നായിരിക്കും. കാരണം, ജനാധിപത്യത്തില്‍നിന്ന് കോണ്‍ഗ്രസ് അത്രയും അകന്നു.

സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച് രമേശ് ചെന്നിത്തല ഇപ്പോള്‍ സംസാരിക്കുന്നത് തനിക്കും തന്റെ ഗ്രൂപ്പിലുള്ളവര്‍ക്കും സ്ഥാനം നഷ്ടപ്പെടുന്നതുകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്? ദീര്‍ഘകാലം സ്വന്തം ഗ്രൂപ്പ് കൊണ്ടുനടന്ന ഉമ്മന്‍ചാണ്ടിയുടെ നിലയും പരുങ്ങലിലായി. ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപങ്ങള്‍ക്ക് അറുതിയുണ്ടാകില്ലെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടില്ല. തലപ്പത്ത് അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് ‘ഗ്രൂപ്പ് 23’ എന്നപേരില്‍ ഒരുസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുലാംനബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്. സംഘടനയില്‍ ജനാധിപത്യം വേണമെന്ന് ഈ സമ്മര്‍ദ്ദ ഗ്രൂപ്പ് ആവശ്യപ്പെട്ടാലും ഫലം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനത്തെ സ്ഥിതി പരിശോധിച്ചാലും ഗ്രൂപ്പുതര്‍ക്കങ്ങള്‍ വര്‍ധിക്കുന്നത് കാണാനാകും. ബി ജെ പിക്കെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തുന്നതിനു പകരം തെരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ നേതൃത്വത്തിലേക്ക് എടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളുടെ പേരിലൊന്നും കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവുമില്ല. ബി ജെ പിയോടുള്ള മൃദുസമീപനത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. ബി ജെ പിയുമായി രഹസ്യധാരണയുണ്ടാക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കമില്ല. ഒരേസമയം, ബി ജെ പിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും തോളില്‍ കൈയിടുന്ന നയത്തിലും യോജിപ്പാണ്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അപ്പാടെ വിറ്റഴിക്കുന്ന മോദി സര്‍ക്കാരിന്റെ നയത്തോട് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ? ചുരുക്കത്തില്‍ ആശയപരമോ നയപരമോ ആയ ഒരു തര്‍ക്കവും കോണ്‍ഗ്രസില്‍ ആരും കാണുന്നില്ല.

ജനാധിപത്യരഹിതമായ പ്രവര്‍ത്തനശൈലിയും മൃദുഹിന്ദുത്വവും സാമ്പത്തിക ഉദാരവല്‍ക്കരണത്തില്‍ ബിജെപിയുമായുള്ള മത്സരവുമൊക്കെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് പോകുന്നതിനു കാരണം. കേരളത്തില്‍ തോറ്റാല്‍, ബി ജെ പി വളരുമെന്ന് പ്രചരിപ്പിച്ചത് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. ഈ പ്രചാരണം നടത്തിയവര്‍ക്ക് മറ്റു ചില ലക്ഷ്യമുണ്ടായിരുന്നു. അതൊന്നും നടന്നില്ല. കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരന്ന ജനാധിപത്യ മതനിരപേക്ഷ വാദികള്‍ ഇടതുപക്ഷത്തോട് കൂടുതല്‍ അടുക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പുകാലത്തും അതിനുശേഷവും വ്യക്തമായത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങള്‍ ഒന്നിച്ചുസമാധാനത്തോടെ കഴിയണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്കും ബിജെപിയിലേക്ക് പോകാനാകില്ല. വ്യാമോഹമുക്തരായി കോണ്‍ഗ്രസില്‍നിന്ന് ഇടതുപക്ഷത്തേക്കു വരുന്ന ബഹുജനങ്ങളെ സി പി ഐ എം സ്വാഗതം ചെയ്യും. അതിനെ കോണ്‍ഗ്രസിന്റെ കാര്യങ്ങളിലുള്ള ഇടപെടലായി ദുര്‍വ്യാഖ്യാനിച്ചിട്ട് കാര്യമില്ല.

കോണ്‍ഗ്രസിന്റെ ഇടതുപക്ഷ വിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സ്വാതന്ത്ര്യത്തിനുമുമ്പ് 1937 മുതല്‍ രണ്ടരവര്‍ഷത്തോളം കോണ്‍ഗ്രസ് സംഘടന, കേരളത്തില്‍ ഇടതുപക്ഷക്കാരുടെ നേതൃത്വത്തിലായിരുന്നു. ഇ എം എസായിരുന്നു സംഘടനാ സെക്രട്ടറി. കോണ്‍ഗ്രസ് സംഘടനയ്ക്ക് വിപുലമായ ബഹുജനബന്ധം ഉണ്ടാക്കിയത് അന്നത്തെ ഇടതുപക്ഷ നേതൃത്വമാണ്. തൊഴിലാളികര്‍ഷകാദി ബഹുജന സംഘടനകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കണമെന്ന നയം ഫലപ്രദമായി നടപ്പാക്കിയതും അക്കാലത്താണ്. ഇ എം എസും മുഹമ്മദ് അബ്ദുറഹിമാനും നയിച്ച കമ്മിറ്റിക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണ് വലതുപക്ഷക്കാര്‍ ചെയ്തത്. കോണ്‍ഗ്രസ് ഭരണഘടന പ്രകാരം നടന്ന തെരഞ്ഞെടുപ്പിലെല്ലാം പരാജയപ്പെട്ട വലതുപക്ഷക്കാര്‍ കേന്ദ്രനേതൃത്വത്തെ കൂട്ടുപിടിച്ച് ഇടതുപക്ഷ കമ്മിറ്റിയെ പിരിച്ചുവിടുവിച്ചു. ഇതാണ് ചരിത്രം. ഇതിനു സമാനമായ കാര്യങ്ങള്‍ ദേശീയതലത്തിലും നടന്നിട്ടുണ്ട്. ഇടതുപക്ഷക്കാരനായ സുഭാഷ് ചന്ദ്രബോസിനെ തോല്‍പ്പിക്കാന്‍ പട്ടാഭി സീതാരാമയ്യയെ മത്സരിപ്പിച്ചു. ഇടതുപക്ഷ പിന്തുണയോടെ ബോസ് ജയിച്ചെങ്കിലും അദ്ദേഹത്തിന് പിന്നീട് രാജിവയ്‌ക്കേണ്ടിവന്നു. ഒടുവില്‍ അദ്ദേഹം പുറത്തുപോയി ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചു. കോണ്‍ഗ്രസിന്റെ ഇടതുപക്ഷ വിരോധചരിത്രത്തിലെ ചില ഏടുകളാണ് ഇവ.

കോണ്‍ഗ്രസിലെ ജനാധിപത്യപ്രക്രിയയുടെ കാര്യമിതാണെങ്കില്‍ ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ചിത്രം നമുക്ക് മുമ്പിലുണ്ട്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും പാര്‍ടിയുടെ നയങ്ങള്‍ അവലോകനം ചെയ്തും സംഘടനാ തെരഞ്ഞെടുപ്പുനടത്തിയും സി പി ഐ എം മുമ്പോട്ടുപോകുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടതുമുതല്‍ ആ പതിവ് തെറ്റിയിട്ടില്ല. 2018ലാണ് സി പി ഐ എം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ ചേര്‍ന്നത്. 2021ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരേണ്ടതായിരുന്നു. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും അഞ്ചു സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതും കാരണം 2021ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനായില്ല. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2022 ഏപ്രിലില്‍ കണ്ണൂരില്‍ ചേരാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കയാണ്. അതിന്റെ ഭാഗമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. എ ഐ സി സി സമ്മേളനം പോലെയോ ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് പോലെയോ ഇതൊരു മാമാങ്കമല്ല. പാര്‍ട്ടിയിലുടനീളം ആശയപരവും സംഘടനാപരവുമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഇതിന്റെ ഭാഗമായി നടക്കുക.

പാര്‍ട്ടിയുടെ ഏറ്റവും താഴെ തട്ടിലുള്ള ഘടകമായ ബ്രാഞ്ചിന്റെ സമ്മേളനങ്ങള്‍ സെപ്തംബര്‍ 15ന് ആരംഭിക്കുകയാണ്. അതിനുശേഷം ലോക്കല്‍, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങള്‍ ചേരും. സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ഘടകസമ്മേളനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഓരോ ഘടകവും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ബ്രാഞ്ച് തലത്തിലാണെങ്കില്‍ കമ്മിറ്റിയെയല്ല, സെക്രട്ടറിയെയാണ് തെരഞ്ഞെടുക്കുക. വിമര്‍ശത്തിന്റെയും സ്വയംവിമര്‍ശത്തിന്റെയും അടിസ്ഥാനത്തില്‍ പാര്‍ട്ടിസംഘടന പുതിയ ഊര്‍ജം സമാഹരിച്ച് മുന്നോട്ടുപോകും. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിസംഘടനയെ ശക്തിപ്പെടുത്തും.

പാര്‍ട്ടിയുടെ രാഷ്ട്രീയനയം രൂപപ്പെടുത്തുന്നത് പാര്‍ട്ടി കോണ്‍ഗ്രസാണ്. ഈ നയരൂപീകരണ പ്രക്രിയക്ക് ഒരു പ്രത്യേകതയുണ്ട്. രാഷ്ട്രീയനയം തീരുമാനിക്കാനുള്ള രേഖരാഷ്ട്രീയപ്രമേയംപാര്‍ട്ടി കോണ്‍ഗ്രസിന് മാസങ്ങള്‍ക്കുമുമ്പേ പ്രസിദ്ധീകരിക്കും. പാര്‍ട്ടിയുടെ ഓരോ ഘടകവും ഇതു ചര്‍ച്ചചെയ്ത് അഭിപ്രായം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയെ അറിയിക്കും. ഘടകങ്ങള്‍ക്ക് മാത്രമല്ല, അംഗങ്ങള്‍ക്ക് വ്യക്തിപരമായും പാര്‍ട്ടി പ്രമേയത്തിന് ഭേദഗതി നിര്‍ദേശിക്കാം. ഇവയെല്ലാം ക്രോഡീകരിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. രാഷ്ട്രീയനയം തീരുമാനിക്കാന്‍ ഇത്രയും വിപുലമായ ജനാധിപത്യപ്രക്രിയ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല.

പാര്‍ട്ടിയുടെ തന്ത്രപരമായ ലക്ഷ്യത്തിലേക്ക് സമൂഹത്തെ നയിക്കാന്‍ സഹായകരമായ അടവുനയങ്ങളാണ് രാഷ്ട്രീയ പ്രമേയത്തിലൂടെ രൂപപ്പെടുത്തുന്നത്. പാര്‍ട്ടിയുടെ അംഗങ്ങളുടെയും ഘടകങ്ങളുടെയും പ്രവര്‍ത്തനത്തെ വിമര്‍ശ സ്വയംവിമര്‍ശപരമായി സമ്മേളനങ്ങളില്‍ വിശകലനം ചെയ്യും. ലോക്കല്‍ തലംമുതല്‍ കേന്ദ്ര കമ്മിറ്റിവരെ തെരഞ്ഞെടുക്കപ്പെടുന്ന ഘടകങ്ങളാണ് സി പി ഐ എമ്മിന് ഉള്ളത്. ഈ ശൈലി കോണ്‍ഗ്രസുകാര്‍ക്ക് അപരിചിതമാണ്. ഇപ്പോഴും ഹൈക്കമാന്‍ഡിന്റെ നിയമന ഉത്തരവിലൂടെ നേതൃത്വം പിടിക്കാനുള്ള കിടമത്സരം നടത്താനുള്ള ഭാഗ്യം മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്കുള്ളത്.

തീവ്രഹിന്ദുത്വ അജന്‍ഡയുമായി മുമ്പോട്ടുപോകുന്ന ബി ജെ പിയെയും അതിന്റെ കൂട്ടാളികളെയും എല്ലാ ജനാധിപത്യമതനിരപേക്ഷ ശക്തികളെയും യോജിപ്പിച്ച്, പരാജയപ്പെടുത്തുക എന്നതാണ് മുഖ്യരാഷ്ട്രീയ കടമയായി പാര്‍ട്ടി ഏറ്റെടുത്തിട്ടുള്ളത്. അതോടൊപ്പം, സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തിയും സ്വാധീനവും വര്‍ധിപ്പിക്കണമെന്നും 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018നു ശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക, പുതിയ പരിതഃസ്ഥിതിക്ക് അനുസരിച്ചുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുക, കൂടുതല്‍ ബഹുജനങ്ങളെ പാര്‍ട്ടി നയങ്ങള്‍ക്കു ചുറ്റും അണിനിരത്തുക, ഇതിനുള്ള പ്രക്രിയയാണ് ഈ മാസം 15 മുതല്‍ നടക്കാന്‍ പോകുന്നത്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News