
വാക്‌സിൻ സ്വീകരിക്കാത്തവർ വാരാന്ത്യത്തിൽ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി. വാരാന്ത്യത്തിൽ പൊതുവേ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന പ്രവണത അമേരിക്കയിലുണ്ട്. കൊവിഡിനെതിരെ കുത്തിവെയ്പ്പ് എടുക്കാത്തവർ അത്തരം യാത്രാ പദ്ധതികൾ ഒഴിവാക്കണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ ഡോ റോഷൽ വാലൻസ്കി ചൊവ്വാഴ്ച വൈറ്റ് ഹൗസ് ബ്രീഫിംഗിനിടെ പറഞ്ഞു. പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളവർക്ക് മാസ്ക് ധരിച്ച് യാത്ര ചെയ്യാവുന്നതാണെന്നും രോഗവ്യാപനം ഉള്ളിടത്ത് യാത്രനടത്തുമ്പോൾ അപകടസാധ്യതകൾ പരിഗണിച്ച് മുന്നൊരുക്കങ്ങൾ നടത്തണമെന്ന് അവർ ഓർമ്മപ്പെടുത്തി.
കൊവിഡിനെതിരെ ഫൈസർ വാക്‌സിനേക്കാൾ ഇരട്ടി ആന്റിബോഡികൾ മോഡേണയുടെ വാക്സിൻ ഉത്പാദിപ്പിക്കുന്നതായി പുതിയ ഗവേഷണങ്ങൾ പറയുന്നു. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണം അനുസരിച്ച്, ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകളുടെ രണ്ടാം ഡോസിന് ശേഷമുള്ള ആന്റിബോഡി അളവ് പഠനവിധേയമാക്കിയപ്പോൾ ഇരട്ടി പ്രതിരോധം മോഡേണ വാക്‌സിൻ എടുത്തവരിൽ കണ്ടെത്തി.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച് അമേരിക്കയിൽ 94 മില്യണിലധികം ആളുകൾക്ക് ഫൈസർ വാക്സിനും 65 മില്യണിലധികം പേർക്ക് മോഡേണയുമാണ് നൽകിയിട്ടുള്ളത്. മോഡേണയുടെ രണ്ടാമത്തെ വാക്സിൻ സാധാരണയായി ആദ്യ ഷോട്ടിന് നാല് ആഴ്ചകൾക്ക് ശേഷമാണ് നൽകുന്നത്.
എന്നാൽ ഫൈസറിന്റെ രണ്ടാമത്തെ വാക്‌സിൻ മൂന്നാഴ്ച കഴിഞ്ഞാണ് നൽകുന്നത്. 1,600 ബെൽജിയൻ ആരോഗ്യ പ്രവർത്തകരുടെ ആന്റിബോഡി നിലകളെ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിൽ 688 പേർക്ക് മോഡേണയും 959 പേർക്ക് ഫൈസറും നൽകി.
അതേസമയം, അഞ്ചിൽ ഒന്നിൽ അമേരിക്കക്കാർ കൊവിഡ് വാക്സിൻ നിരസിക്കുന്നു എന്നാൽ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പനുസരിച്ച് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ മുൻപത്തേക്കാളും കൂടുതൽ അമേരിക്കക്കാർ തയ്യാറാണ്. രാജ്യത്താകെ വാക്സിനോടുള്ള എതിർപ്പ് കുറയുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാനാവുന്നത്. രാജ്യത്ത് വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണം 14%ആയി കുറഞ്ഞു.
കൊറോണ വൈറസ് വ്യാപനം അടുത്തിടെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, കഴിയുന്നത്രയും സമയം ആളുകൾ വീട്ടിൽ തന്നെ തുടരുകയും പകുതി അമേരിക്കക്കാരും സാമൂഹിക അകലം പാലിക്കുന്നതിന് മുൻഗണന നൽകുന്നതായും കണ്ടുവരുന്നു. യുഎസിലുടനീളം ഡെൽറ്റ വയറസ് കുതിച്ചുയരുന്ന സാഹചര്യത്തിലും കുത്തിവെയ്പ് എടുക്കുന്ന ആളുകളിൽ രോഗം ബാധിക്കുമെങ്കിലും സങ്കീർണമാകാതെ സംരക്ഷിക്കും എന്നതാണ് വാക്സിന്റെ സ്വീകാര്യത വർധിപ്പിച്ചത്.
കുത്തിവെയ്പ്പ് സ്വീകരിച്ചവരിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ യു എസിൽ 160,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര ശരാശരി നിരക്കാണിത്.
രാജ്യം കൊവിഡിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ തരംഗത്തിലേക്ക് അമേരിക്ക കൊവിഡിന്റെ പുതുതരംഗത്തിലേക്ക് പ്രവേശിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നുണ്ടെങ്കിലും നാലാമത്തെ തരംഗത്തിലേക്കാണോ അഞ്ചാമത്തതിലേക്കാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഡെൽറ്റ വയറസിന്റെ വ്യാപനത്തോടെയാണ് കേസുകളും ആശുപത്രിവാസങ്ങളും ഏറ്റവും ഉയർന്ന നിരക്കിൽ എത്തിച്ചേർന്നിരിക്കുന്നത്. കൊവിഡ് മരണങ്ങളും വർദ്ധിച്ചു.
ബ്രിട്ടനിൽ, ജൂലൈ പകുതിയോടെ ദിവസേനയുള്ള കേസുകൾ 60,000-ൽ നിന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പകുതിയായി കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ, പ്രതിദിനം 400,000 ത്തിലധികം കേസുകൾ വരെ ഡെൽറ്റ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ കണക്കുകൾ കുത്തനെ കുറഞ്ഞു. ഡെൽറ്റ ശക്തമായി ബാധിച്ച മിസോറി പോലുള്ള ചില സംസ്ഥാനങ്ങളിൽ മാത്രമാണ് അമേരിക്കയിൽ കേസുകൾ വർദ്ധിച്ചത്. പിന്നീട് കുറവ് കണ്ടെങ്കിലും, സ്കൂൾ കുട്ടികളും ഓഫീസ് ജീവനക്കാരും കൂടിച്ചേരാൻ തുടങ്ങുമ്പോൾ ഇനിയും കേസുകൾ ഉയരും. കുട്ടികളിലാണ് ഡെൽറ്റ വേഗത്തിൽ വ്യാപിക്കുന്നത്.
ബ്രിട്ടനിലെയും ഇന്ത്യയിലെയും ഡെൽറ്റ വ്യാപനം, അമേരിക്കയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നാണ് വിദഗ്‌ധാഭിപ്രായം . കുത്തിവെയ്പ്പ് എടുക്കുന്ന ജനസംഖ്യയുടെ ശതമാനം, പ്രായം, വലിയ ഒത്തുചേരലുകൾ, സ്കൂളുകൾ, മാസ്ക് ധരിക്കൽ, മറ്റ് മുൻകരുതലുകൾ, കാലാവസ്ഥ,വാക്സിനേഷൻ നിരക്ക് എന്നിങ്ങനെ ഈ മൂന്ന് രാജ്യങ്ങളും എല്ലാത്തരത്തിലും വ്യത്യസ്തമാണ്. ഒക്ടോബറിൽ യു എസിലെ കൊവിഡ് കേസുകൾ കുറയുമെന്നും അതിന് മുൻപ് സെപ്റ്റംബറിൽ കേസുകൾ വീണ്ടും ഉയരുമെന്നുമാണ് സാഹചര്യം നോക്കി ഇപ്പോൾ പ്രവചിക്കപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here