മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ല; വാരിയംകുന്നൻ സിനിമ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി നിർമ്മാതാക്കൾ

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിനു പിന്നാലെ പ്രതികരണവുമായി നിർമ്മാതാക്കളായ കോമ്പസ് മൂവീസ്.

ചില ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടിൽ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനിൽക്കേണ്ടതായി വന്നെന്നും എന്നാൽ വാരിയംകുന്നൻ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനത്തിലാണ് തങ്ങളെന്നുമാണ് കോമ്പസ് മൂവീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്റേയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോടേയും അവതരിപ്പിക്കുന്നതായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്.ആ ദിശയിൽ വിപുലമായ പിന്നണി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകരെപ്പറ്റിയും നടീനടന്മാരെകുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും കോമ്പസ് മൂവീസ് അറിയിച്ചു.

വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്നും എന്നാൽ ഇത് മനസിലാക്കി തന്നെയാണ് ഈ പദ്ധതിക്ക് തങ്ങൾ തുടക്കം കുറിച്ചിരുന്നതെന്നും കോമ്പസ് മൂവീസ് ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

”ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്പോൾ രാഷ്ട്രീയ ഉത്തരവാദിത്തം പോലെ തന്നെ പ്രസക്തമാണ്‌ കലാപരമായ ചുമതലാബോധവും.

ആ ഉറച്ച ബോധ്യത്തിൽ തന്നെയാണ് ഈ പദ്ധതി അർഹിക്കുന്ന കലാമേന്മയോടേയും സാങ്കേതികത്തികവോടേയും തന്നെ സാക്ഷാത്ക്കരിക്കപ്പെടണം എന്ന നിഷ്‌കർഷ ഞങ്ങൾ വെച്ചുപുലർത്തിയത്. അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്‌നീഷ്യൻമാരുമായും ചലച്ചിത്ര താരങ്ങളുമായും ഈ പദ്ധതി വിവിധഘട്ടങ്ങളിൽ ധാരണയായിട്ടുണ്ട്.

അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടിൽ നിന്നാണ് 2020 ജൂൺ മാസം 22 ന് ഈ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം സംഭവിക്കുന്നത്.തുടർന്ന് ചില ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ടിൽ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനിൽക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട വാർത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദൂരീകരിക്കേണ്ടതുണ്ട്.

കോമ്പസ് മൂവീസ് വാരിയംകുന്നൻ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്റേയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോടേയും അവതരിപ്പിക്കുന്നതായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആ ദിശയിൽ വിപുലമായ പിന്നണി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകരെപ്പറ്റിയും നടീനടന്മാരെകുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് കോമ്പസ് മൂവീസ് പറഞ്ഞു.

2020 ജൂണിൽ സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ നടൻ പൃഥ്വിരാജ് സുകുമാരന് നേരെ സൈബർ ആക്രമണമുണ്ടായിരുന്നു.‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയിൽ പൃഥ്വിരാജിന്റെ പോസ്റ്റ്.

മലബാർ വിപ്ലവചരിത്രത്തിന്റെ നൂറാംവാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സൈബർ ആക്രമണങ്ങൾ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം. ഇതേ പ്രമേയത്തിൽ പി.ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വെങ്ങരയും അലി അക്ബറും സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News