താലിബാന്‍ വിഷയം; ജമാഅത്തെ നിലപാടില്‍ ലീഗ് നയം വ്യക്തമാക്കണം: സി പി ഐ എം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വിജയത്തില്‍ ആവേശംകൊള്ളുന്ന ജമാഅത്തെ ഇസ്ലാമി നിലപാടിനെക്കുറിച്ച് മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിനെ ‘സ്വതന്ത്ര അഫ്ഗാന്‍’ എന്നാണ് ജമാഅത്തെ മുഖപത്രമായ മാധ്യമം വിശേഷിപ്പിച്ചത്. അഫ്ഗാന്‍ വിഷയത്തില്‍ ജമാഅത്തെ നിലപാടാണ് ഇത് വെളിപ്പെടുത്തുന്നത്. സഖ്യകക്ഷിയായ ജമാഅത്തെ നിലപാട് സ്വീകാര്യമാണോ എന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം.

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര സങ്കല്‍പ്പം പുതിയ കാര്യമല്ല. നേരത്തെയും ഇവര്‍ താലിബാന്‍ വിജയത്തെ ആഘോഷിച്ചിട്ടുണ്ട്. താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പ്രസിഡന്റ് നജീബുള്ളയെ കൊന്ന് കെട്ടിത്തൂക്കിയപ്പോള്‍ ‘വിസ്മയം പോലെ താലിബാന്‍’ എന്നാണ് മാധ്യമം തലക്കെട്ട് നല്‍കിയത്. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴുണ്ടായത്. ജമാഅത്തെ ഇസ്ലാമി തുടരുന്ന ഈ മതമൗലികവാദ നിലപാട് ലീഗ് അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിന്റെ സഖ്യകക്ഷിയായാണ് ജമാഅത്തെ പ്രവര്‍ത്തിച്ചത്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി പരസ്യ സഖ്യത്തിനാണ് ലീഗ് തയ്യാറായത്. ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ മതമൗലികവാദ സംഘടനയോട് കൂട്ടുകൂടാന്‍ ലീഗ് ഒരു മടിയും കാണിച്ചില്ല. തെരഞ്ഞെടുപ്പില്‍ നാല് വോട്ടിനുവേണ്ടിയാണ് മുസ്ലിം സമുദായത്തെ ലീഗ് ഒറ്റുകൊടുത്തത്. ഇന്ന് ജമാഅത്തെ അവരുടെ താലിബാന്‍ അനുകൂല മുഖം പരസ്യമാക്കുമ്പോള്‍ നിലപാട് വ്യക്തമാക്കേണ്ട ബാധ്യത ലീഗ് നേതൃത്വത്തിനുണ്ട്.

ജമാഅത്തെ നിലപാട് തന്നെയാണോ ലീഗിനും ഉള്ളതെന്ന് അവര്‍ തുറന്ന് പറയണം. അല്ലാത്തപക്ഷം ജമാഅത്തെ നിലപാടിനെ തള്ളിപ്പറയാന്‍ തയ്യാറാകണം. മതനിരപേക്ഷ സമൂഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ഛിദ്ര ശക്തികളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ ലീഗ് നേതൃത്വം ആര്‍ജവം കാണിക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News