‘ഞാന്‍ നാലണ മെമ്പര്‍’: അനുനയത്തിനു വഴങ്ങാതെ രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഡി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച് തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന നേതൃത്വവുമായി സമവായത്തിനില്ലെന്ന സൂചനയായി ചെന്നിത്തലയുടെ പ്രതികരണത്തെ കാണേണ്ടി വരും. കെ സുധാകരനും വി ഡി സതീശനും അടങ്ങിയ പുതിയ നേതൃത്വത്തിനെതിരെ വീണ്ടും പരസ്യ വിമര്‍ശനമുന്നയിച്ച് രമേശ് ചെന്നിത്തലയും കെസി ജോസഫും രംഗത്തെത്തി.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. കോണ്‍ഗ്രസില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നും ഞങ്ങള്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അച്ചടക്കത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും സതീശനേയും സുധാകരനേയും ഉന്നം വച്ച് ചെന്നിത്തല വിമര്‍ശിച്ചു.

‘എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണിപ്പോള്‍. ഉമ്മന്‍ചാണ്ടി അതുപോലെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിങ് കമ്മിറ്റി മെമ്പറാണ്. ഞാന്‍ ഈ പ്രസ്ഥാനമില്ലാത്തയാളാണ്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് എല്ലാവര്‍ക്കുമുള്ളത്. ഇത് റിലേ ഓട്ട മത്സരമൊന്നുമല്ല. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പോരാടേണ്ട സന്ദര്‍ഭത്തില്‍ യോജിപ്പിന്റെ പാത തുറക്കുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്വം. പുതിയ നേതൃത്വം അച്ചടക്കത്തെ കുറിച്ച് പറയുന്നത് സന്തോഷം തന്നെയാണ്’. എന്നാല്‍ മുന്‍പ് പലപ്പോഴും അച്ചടക്ക നടപടി എടുത്തിരുന്നെങ്കില്‍ ഇന്നത്തെ പലരും പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല.’- ചെന്നിത്തല പറഞ്ഞു.

അതിനിടെ ചെന്നിത്തലയെ പുകഴ്ത്തി കെ സി ജോസഫും രംഗത്തെത്തി. മികച്ച പ്രവര്‍ത്തനം നടത്തിയെങ്കിലും മെയ് രണ്ട് കഴിഞ്ഞപ്പോള്‍ ചെന്നിത്തല പലര്‍ക്കും ആരുമല്ലാതായെന്ന് കെ സി ജോസഫ് വിമര്‍ശിച്ചു. ‘ഉമ്മന്‍ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബോധപൂര്‍വമായ ആക്രമണമുണ്ടായി. പണം കൊടുത്തു ചിലരുടെ ഏജന്റ് മാര്‍ നടത്തിയ ആക്രമണമാണ്. ശത്രുക്കളുടെ ഭാഗത്തുനിന്നല്ല ഇത് ഉണ്ടായത്. ഇതിനെ എതിര്‍ക്കാന്‍ പാര്‍ട്ടി മുന്നോട്ടു വന്നില്ല’. ആക്രമണം നടത്തിയിട്ടും ആര്‍ക്കും എതിരെ വിശദീകരണം പോലും ചോദിച്ചില്ലെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News