കൊച്ചി മേയറിന് ഭീഷണിക്കത്ത് ലഭിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി മേയർ എം അനിൽകുമാറിന് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്ത് പോസ്റ്റ് ചെയതത് കോഴിക്കോട് നിന്നാണ് എന്ന് വ്യക്തമായ സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കത്ത് രജിസ്റ്റർ ചെയ്ത കോഴിക്കോട് മുഖ്യ തപാൽ ഓഫീസിലെ ജീവനക്കാരിൽ നിന്നും നാളെ മൊഴി എടുക്കും. താലിബാൻ്റെ പേരിലായിരുന്നു കൊച്ചി മേയർക്ക് ഭീഷണിക്കത്ത് ലഭിച്ചത്.

മലയാളത്തിലെഴുതിയ ഭീഷണിക്കത്ത് ഇന്നലെയാണ് മേയർക്ക് ലഭിച്ചത്. ചീഫ് കമാൻഡർ ഓഫ് താലിബാൻ ഫക്രുദ്ദീൻ അൽത്താനി എന്ന പേരിലുള്ള കത്ത് ഉടനീളം അസഭ്യവർഷം നിറഞ്ഞതായിരുന്നു. കോഴിക്കോട് നിന്നും രജിസ്ട്രേഡ് തപാലിലാണ് കത്തയച്ചിരിക്കുന്നത്.

അതിനാൽ തന്നെ കത്ത് പോസ്റ്റ് ചെയ്ത് സമയവും മറ്റു വിവരങ്ങളും ലഭ്യമായിട്ടുണ്ട്. 673 001 എന്ന പിൻകോഡ് ഉള്ള കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണ് കത്ത് അയച്ചത്. 2 സബ് പോസ്റ്റ് ഓഫീസുകൾ ഇതേ പിൻകോഡിലുള്ളതിനാൽ വിശദമായ പരിശോധന വേണ്ടിവരും.

തപാൽ ജീവനക്കാരുടെ മൊഴിയെടുത്താൽ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കും. സീരിയൽ നമ്പർ പരിശോധിച്ചാൽ ഏതു സമയത്ത് ഏത് കൗണ്ടറിൽ രജിസ്റ്റർ ചെയ്തു എന്നും കണ്ടെത്താൻ കഴിയും. തപാൽ ഓഫീസിനു സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൊച്ചിയിൽ നിന്നും സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം നാളെ കോഴിക്കോട് എത്തും.

ഭീഷണിക്കത്തിന് പിന്നിൽ കൊച്ചിയിൽ നിന്നുള്ള ഏതെങ്കിലും സംഘമാകും എന്ന നിഗമനത്തിലാണ് പൊലീസ്. അഹങ്കാരം കാട്ടിയാൽ രാത്രി ഇരുട്ടടി കിട്ടുമെന്നാണ് ഭീഷണി . കൈകാലുകൾ അടിച്ചൊതുക്കുമെന്നും കത്തിലുണ്ട്. നഗരവികസനവുമായി ബന്ധപ്പെട്ട് മേയർ സ്വീകരിച്ച കർശന നിലപാടിൽ എതിർപ്പുള്ളവർ ആരെങ്കിലും ഭീഷണിക്കത്തിന് പിന്നിലുണ്ടോ എന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News