കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഡിസിസി പ്രസിഡന്റിന് സ്ഥാനാരോഹണം

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയ ഡിസിസി പ്രസിഡന്റ്റ് സതീഷ് കൊച്ചുപറമ്പലിന് സ്ഥാനാരോഹണം. രാവിലെ 9.30ന് ആരംഭിച്ച ചടങ്ങുകൾ ഉച്ചയോടെയാണ് പൂർത്തിയായത്. രാഹുകാലം കഴിഞ്ഞ് 12നു ശേഷമെ ഓഫീസിനുള്ളിൽ പ്രവേശിക്കു എന്ന പുതിയ പ്രസിഡന്റിന്റെ അറിയിപ്പ് മൈക്കിലൂടെ കേട്ടപ്പോൾ വന്നവരിൽ ഭൂരിഭാഗവും വെട്ടിലായി. ചിലർ നെറ്റിചുളിച്ചപ്പോൾ മറ്റൊരു കൂട്ടർ കൈയടിച്ചു.

300ൽപരം പ്രവർത്തകരാണ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തത്. ഡിസിസി ഓഫീസിനു മുന്നിൽ രാവിലെ തടിച്ചു കൂടിയ പ്രവർത്തകരുടെ തോളിലേറിയാണ് പ്രസിഡന്റ്റ് ഹാളിലേക്ക് എത്തിയത്. വേദിയും സദസും തിരിച്ചറിയാൻ കഴിയാത്ത ആൾക്കൂട്ടം. ഇതിനിടയിൽ ഷാൾ അണിയിച്ച് പ്രസിഡന്റിന്റെ പ്രീതി പിടിച്ചു പറ്റാൻ അനുയായികളുടെ വേദയിലേക്കുള്ള ഓട്ടം. ആന്റോ ആന്റ്റണി എംപി, പി ജെ കുര്യൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത വേദിയിലാണ് കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും ലംഘിക്കപ്പെട്ടത്.

കണ്ടെയ്ൻമെന്റ് സോണായ മുപ്പതാം വാർഡിനോട് ചേർന്നുള്ള 29-ാം വാർഡിലാണ് ഡിസിസി ഓഫീസ് പ്രവർത്തിക്കുന്നത്. അതിർത്തി പങ്കിടുന്ന ഈ വാർഡിലും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഹാളിൽ സാമൂഹ്യ അകലം പാലിക്കാതെയാണ് വന്നവരെ ഇരുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ പത്തനംതിട്ട നഗരസഭയിലെ 11 വാർഡുകൾ കണ്ടെയിൻമെന്റ്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ഒഴികെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News