ഗ്രീക്ക് സംഗീതസംവിധായകൻ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു

പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ്(96) അന്തരിച്ചു. ഹൃദയ്തംഭനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ലോകപ്രശസ്തങ്ങളായ ഗാനങ്ങളുള്‍പ്പെടെ ആയിരത്തിലധികം ഗാനങ്ങള്‍ തിയോദൊറാക്കിസിന്റെ പേരിലുണ്ട്.

സോര്‍ബ ദ ഗ്രീക്ക്(1964), സെഡ്(1969), സെര്‍പികോ(1973) എന്നീ ചിത്രങ്ങള്‍ക്ക് നല്‍കിയ സംഗീതം അദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച സംഗീതസംവിധായകരില്‍ ഒരാളാക്കി. വിവിധ സംഗീതശാഖകളില്‍ പ്രവര്‍ത്തിച്ച മിക്കിസ് തിയോദൊറാക്കിസ് രാജ്യത്തിന്റെ സംഗീതമേഖലയ്ക്ക് നല്‍കിയ സംഭാവന വിലപ്പെട്ടതാണ്.
ദീര്‍ഘകാലം ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1981 മുതല്‍ 1993 വരെ പാര്‍ലമെന്റംഗമായിരുന്നു.

1925 ജൂലായ് 29 നാണ് തിയോദൊറാക്കിസ് ജനിച്ചത്. മൈക്കേല്‍ തിയോദൊറാക്കിസ് എന്നതാണ് യഥാര്‍ഥ നാമം. കൗമാരക്കാലത്ത് തന്നെ സംഗീതത്തിലും കവിതയെഴുത്തിലും അദ്ദേഹം പ്രാവീണ്യം പ്രകടിപ്പിച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഗ്രീസിന്റെ ആധിപത്യം പിടിച്ചെടുത്ത ജര്‍മനിയ്ക്കും ഇറ്റലിയ്ക്കും എതിരെ ഉയര്‍ന്ന ആഭ്യന്തരകലാപത്തില്‍ പതിനേഴുകാരനായ തിയോദൊറോക്കിസും പങ്കു ചേര്‍ന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഇടതുപക്ഷ പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ട അദ്ദേഹം ജയില്‍കാലത്ത് നിരവധി ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചു. ഇത് തിയോദൊറോക്കിസിനെ നിത്യരോഗിയാക്കുകയായിരുന്നു.

‘ഗ്രീസിന്റെ ആത്മാവില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു പോയിരിക്കുന്നു’ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ലിനോ മെന്‍ഡോണി പ്രതികരിച്ചു. തിയോദൊറാക്കിസിനോടുള്ള ആദരസൂചകമായി ഔദ്യോഗികപതാക താഴ്ത്തിക്കെട്ടുകയും ഒരു മിനിറ്റ് നേരം മൗനമാചരിക്കുകയും ചെയ്തു. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ‘അദ്ദേഹം നിശബ്ദനാക്കപ്പെട്ടു, ഒപ്പം യവനസംസ്‌കാരവും’, പ്രധാനമന്ത്രി കൈറിയോക്കോസ് മിത്സോതാക്കിസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News