ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലായ്മ കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറി; യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗം വര്‍ധിച്ചുവെന്നും എ വിജയരാഘവന്‍

ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലായ്മ കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. ഡിസിസി അധ്യക്ഷസ്ഥാനം തീരുമാനിച്ചതിന് ശേഷം ഇത് രൂക്ഷമായി.

തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാര്‍ട്ടിയാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്. ഈ തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ടുപോകും. പരസ്പരം തര്‍ക്കിക്കുന്ന പാര്‍ട്ടിക്ക് സെമി കേഡര്‍ പാര്‍ട്ടി എന്ന പേരും നല്‍കിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗം വര്‍ധിച്ചുവെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങള്‍ ചേരിതിരിഞ്ഞ് പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്.

പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഈ പോരെന്നും വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്പി ഇപ്പോഴും യുഡിഎഫിലെ കക്ഷിയാണെന്നും, അവരവിടെ നില്‍ക്കുമ്പോള്‍ മുന്നണിമാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. എവിടെ നില്‍ക്കണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അഖിലേന്ത്യ തലത്തില്‍ ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ചുകൊണ്ടാണ് ആര്‍എസ്പി പ്രവര്‍ത്തിക്കുന്നത്. മുന്നണി വിടാതെ ആ വിഷയത്തില്‍ എന്തെങ്കിലും പറയുന്നതില്‍ കാര്യമില്ല – വിജയരാഘവന്‍ പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവസരം കൊടുത്തത് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാണ്. ദേശീയതലത്തില്‍ ശക്തി ചോര്‍ന്നപ്പോഴും കോണ്‍ഗ്രസ് പിടിച്ചുനിന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇപ്പോള്‍ ഇവിടെയും സ്ഥിതിമാറി. കൃത്യമായ നയങ്ങളില്ല എന്നതാണ് മറ്റൊന്ന്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ വലിയ ആപത്താണ്. ഇത് മനസിലാക്കാനോ കൃത്യമായ നയം സ്വീകരിക്കാനോ കോണ്‍ഗ്രസിന്കഴിയുന്നില്ല. സിപിഐ എം അതിനെതിരായ നയങ്ങള്‍ തുടരുകയാണ്. ആറ് ലക്ഷം കോടിയുടെ സ്വകാര്യവത്ക്കരണത്തിലേക്കാണ് കേന്ദ്രം കടന്നുകൊണ്ടിരിക്കുന്നത്.

ലക്ഷക്കണക്കിന് കോടിരൂപ വിറ്റഴിക്കലിലൂടെ നേടുക എന്ന നിലയിലേക്ക് അവര്‍ പോയി. നാളെ വഴിയിലൂടെ നടക്കാനും പണം കൊടുക്കേണ്ട അവസ്ഥയിലേക്ക് എത്തി. പെട്രോള്‍, പാചകവാതക വിലവര്‍ധനവ് ജനങ്ങളെ ദുരിതത്തിലാക്കി. ഇതിനെതിരെ ജനങ്ങളെ അണിനിരത്താന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല.

എന്നാല്‍ സിപിഐ എം കൃത്യമായ നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. സെപ്തംബര്‍ 9 ന് പതിനായിരക്കണക്കിന് കേന്ദ്രങ്ങളിലാകും പ്രതിഷേധ ദിനം. ചുരുങ്ങിയത് 30000 കേന്ദ്രങ്ങളില്‍ ഈ സമരം നടക്കും.

സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കും. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. തീയതി പിന്നീട് തീരുമാനിക്കും. ജില്ലാ സമ്മേളന തീയതികള്‍: തിരുവനന്തപുരം – ജനുവരി 14,15,16, കൊല്ലം – ഡിസം. 31, 1,2, ആലപ്പുഴ – ജനുവരി 28,29,30, എറണാകുളം – ഡിസം. 14,15,16, ഇടുക്കി – ജനുവരി 4,5,6, കോട്ടയം – ജനുവരി 14,15,16, തൃശ്ശൂര്‍ – ജനുവരി 21,22,23, പാലക്കാട് – ഡിസം. 31, ജനു. 1,2, കോഴിക്കോട് – ജനുവരി 10, 11,12, വയനാട് – ഡിസം. 14,15,16, കണ്ണൂര്‍ – ഡിസം. 10,11,12, കാസര്‍കോട് – ജനുവരി 21,22,23. ജനാധിപത്യ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ചാകും സിപിഐ എം സമ്മേളനങ്ങള്‍ നടത്തുക. രാഷ്ട്രീയ പ്രമേയവും സമ്മേളനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News