രാജ്യത്ത് ഇത് ആദ്യം!!! സംസ്ഥാനത്ത് യുവാക്കള്‍ക്കായി സഹകരണസംഘം

സംസ്ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌ത യുവജന സഹകരണ സംഘങ്ങൾ തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനോദ്‌ഘാടനം നിർവഹിക്കും. വൈകിട്ട്‌ നാലിന്‌ വട്ടിയൂർക്കാവ്‌ യൂത്ത്‌ ബ്രിഗേഡ് സംരംഭക സഹകരണ സംഘത്തിലാണ്‌ സംസ്ഥാനതല ചടങ്ങ്‌. സർക്കാരിന്റെ 100 ദിന പരിപാടിയിൽ 25 സംഘങ്ങൾ തീരുമാനിച്ചു‌. 26 സംഘങ്ങൾ രജിസ്റ്റർ ചെയ്തതായി സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്ത്‌ ആദ്യമായാണ് യുവജനങ്ങൾക്കുമാത്രമായി സഹകരണ സംഘം. യുവ ശക്തിയെ ഗുണപരമായി ഉപയോഗിക്കുകയാണ്‌ ലക്ഷ്യം. രജിസ്ട്രേഷനായി മുന്നോട്ടുവച്ച വ്യത്യസ്ത ആശയങ്ങൾ പരിശോധിച്ചാണ്‌ സംഘങ്ങളെ തെരഞ്ഞെടുത്തത്. ഈ സംഘങ്ങളിൽ വായ്‌പാ പ്രവർത്തനങ്ങളില്ല. സംരംഭക ചുമതലയാകും. 18 നും 45നുമിടയിൽ പ്രായമുള്ളവർക്കായിരിക്കും അംഗത്വം.

ഐടി, നിർമ്മാണം, കാർഷികം, മാലിന്യ നിർമ്മാർജ്ജനവും പുനരുപയോഗവും, വാണിജ്യം, ഉൽപ്പാദനം, വിപണനം, സിനിമ, ഇക്കോ ടൂറിസം, ജൈവ കൃഷി മേഖലകളിലാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുക. കാറ്ററിങ്‌, തൊഴിൽ ഉപകരണങ്ങളുടെ വിതരണം, അവശ്യ സാധനങ്ങൾ മൊബൈൽ ആപ്പിലെ രജിസ്‌ട്രേഷനിലൂടെ വീട്ടിലെത്തിക്കൽ, ചലച്ചിത്ര, ദൃശ്യ മാധ്യമ മേഖലകൾക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കൽ, പുസ്തക പ്രസാധനവും അച്ചടിയും, ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിന് ഉതകുന്ന തരത്തിൽ മാറ്റിയെടുക്കൽ, തൊഴിലാളികളെ ലഭ്യമാക്കൽ, എല്ലാ തൊഴിലുകൾക്കും ആവശ്യമായ പണി ആയുധങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ യുവ സംഘങ്ങൾ ഏറ്റെടുക്കും. കൂടുതൽ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്ന മുറയ്‌ക്ക്‌ പ്രവർത്തന പരിധിയിൽ ക്ലിപ്‌തപ്പെടുത്തിലുണ്ടാകുമെന്ന്‌ മന്ത്രി വ്യക്തമാക്കി.

കാർഷിക മേഖലയിൽ കൂടുതൽ സഹകരണ സംരംഭങ്ങൾ ആരംഭിക്കും. പാലാക്കാട്, കോട്ടയം നെൽ സംഘങ്ങൾ പ്രാവർത്തികമായി. സ്വകാര്യ മില്ലുകാരുടെ ചൂഷണം ഒഴിവാക്കാൻ നെല്ലു സംഘങ്ങൾ സഹായിക്കും. സംഭരിക്കുന്ന നെല്ലു സംസ്‌കരിച്ച് അരിയാക്കി സപ്ലൈകോ ഔട്ട്‌ലെറ്റുകൾവഴി വിൽക്കുമെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത്‌ എംഎൽഎ, സഹകര സെക്രട്ടറി മിനി ആന്റണി, രജിസ്‌ട്രാർ പി ബി നൂഹ്‌ എന്നിവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News