വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പണം വാങ്ങി പലര്‍ക്കും കൊടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍. പാലാ വള്ളീച്ചിറ സ്വദേശിയായ 20 വയസ്സുള്ള ജെയ്‌മോനാണ് പാലാ പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ സുഹൃത്തിന്റെ മാതാവായ സ്ത്രീയുടെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുക ആയിരുന്നു ഇയാള്‍ ചെയ്തത്. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ പണം നല്‍കിയാല്‍ നഗ്‌നഫോട്ടോകള്‍ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്.
പല ആളുകളും ഇയാളുടെ തട്ടിപ്പില്‍ വീഴുകയും ഓണ്‍ലൈന്‍ മാര്‍ഗ്ഗം പണം നല്‍കി ചിത്രങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ ഇയാള്‍ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ വരെ സമ്പാദിച്ചുവെന്ന് പൊലീസ് പറയുന്നു
സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസമാണ് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് പ്രതി ഒരു വര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി തെങ്ങണയിലുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.