പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്; മമത ഭവാനിപൂരിൽ മത്സരിക്കും

പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് . ഒഡീഷയിലെ ഒരു നിയമസഭ മണ്ഡലത്തിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ബംഗാളിലെ ഭവാനിപൂർ, സംസർഗഞ്ച്, ജംഗിപൂർ, ഒഡീഷയിലെ പിപ് ലി എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ ഒക്ടോബർ മൂന്നിനാണ് നടക്കുക. എം എൽ എമാരുടെ മരണത്തെ തുടർന്നാണ് സംസർഗഞ്ച്, ജംഗിപൂർ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പൂർണമായും നിയന്ത്രണത്തിലാണെന്നും അതിനാൽ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും അറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തെരെഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നും മമത തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ പേരിൽ അത് തടയരുതെന്നും മമത അറിയിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ വിട്ട് ബി ജെ പിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് ഭവാനിപൂർ ഒഴിവാക്കി നന്ദിഗ്രാം സീറ്റിൽ മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൻ ഡി എ സ്ഥാനാർഥി സുവേന്ദു വിജയിച്ചത്. സുവേന്ദുവിന് 1,10,764 വോട്ടുകളും മമതക്ക് 1,08808 വോട്ടുകളും ലഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 213 സീറ്റ് നേടിയാണ് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരം നിലനിർത്തിയത്. ബി ജെ പിക്ക് 77 സീറ്റ് മാത്രം ലഭിച്ചു. തുടർച്ചയായ മൂന്നാം തവണയാണ്​ മമത ബംഗാൾ മുഖ്യമ​ന്ത്രിയാകുന്നത്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News