മാഹി വിമോചന പോരാളി മംഗലാട്ട്‌ രാഘവൻ അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ മംഗലാട്ട്‌ രാഘവൻ അന്തരിച്ചു. 100 വയസായിരുന്നു.തലശേരി കോ–ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ ഉച്ചക്ക്‌ 12.38നായിരുന്നു അന്ത്യം. ശ്വാസ തടസത്തെതുടർന്ന്‌ 27 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും മാഹി വിമോചന പോരാട്ടത്തിലും പങ്കെടുത്ത ആദ്യകാല സോഷ്യലിസ്‌റ്റാണ്‌. 1948 ഒക്‌ടോബറിൽ മാഹി ഫ്രഞ്ചുകാരിൽ നിന്ന്‌ പിടിച്ചെടുത്ത സമരത്തിന്റെ നായകനായിരുന്നു. സമരത്തിന്റെ പേരിൽ 20 വർഷം തടവിനും ആയിരം ഫ്രാങ്ക്‌ പിഴയടക്കാനും ശിക്ഷിച്ചു.

ഒളിവിൽ പോയതിനാൽ ശിക്ഷയിൽ നിന്ന്‌ ഒഴിവായി. ക്വിറ്റിന്ത്യാ സമരകാലത്ത്‌ ചോമ്പാൽ റെയിൽവെ സ്‌റ്റേഷൻ തീവെപ്പ്‌ കേസിൽ പ്രതിചേർക്കപ്പെട്ടു. ചോമ്പാൽ എംഎസ്‌പി ക്യാമ്പിലും വടകര പൊലീസ്‌ ലോക്കപ്പിലും ക്രൂര മർദനത്തിനിരയായി.

1948ലെ സ്വതന്ത്ര്യമയ്യഴി ഭരണകൗൺസിലിലും മയ്യഴി വിമോചനത്തിന്‌ ശേഷം രൂപീകരിച്ച 15 അംഗ കൗൺസിലിലും അംഗമായി. 1965 മുതൽ മാതൃഭൂമി പത്രാധിപസമിതി അംഗം. 1981ൽ കണ്ണൂർ ബ്യൂറോ ചീഫായി വിരമിച്ചു.

ഫ്രഞ്ച്‌ കവിതകൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തു. ഫ്രഞ്ച്‌ കവിതകൾ (1993), ഫ്രഞ്ച്‌ പ്രണയഗീതങ്ങൾ (1999), വിക്തർ ഹ്യൂഗോവിന്റെ കവിതകൾ (2002) എന്നിവയാണ്‌ പ്രധാന കൃതികൾ. ഫ്രഞ്ച്‌ കവിതകൾക്ക്‌ 1994ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡും അയ്യപ്പപണിക്കർ പുരസ്‌കാരം, എംഎൻ സത്യാർഥി പുരസ്‌കാരം, മയിൽപീലി പുരസ്‌കാരം എന്നിവ ലഭിച്ചു.

ഫ്രഞ്ച്‌ അധീന മയ്യഴിയിൽ 1921 സപ്‌തംബർ 20ന്‌ മാഹിയിലെ മംഗലാട്ട്‌ ചന്തുവിന്റെയും കുഞ്ഞിപ്പുരയിൽ മാധവിയുടെയും മകനായാണ്‌ ജനനം. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേർ എന്നഫ്രഞ്ച്‌ സെൻട്രൽ സ്‌കൂളിൽ ഫ്രഞ്ച്‌ മാധ്യമത്തിലായിരുന്നു പഠനം. ഭാര്യ: പരേതയായ കെ വി ശാന്ത. മക്കൾ: പ്രദീപ്‌, ദിലീപ്‌, രാജീവ്‌, ശ്രീലത, പ്രേമരാജൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel