‘കേരളത്തില്‍ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ സ്ഥാപിക്കും’: മുഖ്യമന്ത്രി

കേരളത്തില്‍ അധികം വൈകാതെ തന്നെ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതോടെ ഈ വിഭാഗം ഉള്ള ഇന്ത്യയിലെ ആദ്യ സേനയായി കേരള പൊലീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് സൈബര്‍ ഡോമിന്റെ നേതൃത്തില്‍ സംഘടിപ്പിച്ച ഹാക്ക് പി 2021 ന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.

സാങ്കേതിക രംഗത്ത് പോലെ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും കേരള പൊലീസ് ഏറെ മുന്നില്‍ ആണ്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സമയത്ത് ഡാര്‍ക്ക് നെറ്റിനെതിരെ കേരള പൊലീസ് ഹാക്ക് പി യിലൂടെ വികസിപ്പിച്ചു എടുത്ത ഗ്രേപ്‌നേല്‍ സോഫ്റ്റ്വെയര്‍ കേരള പൊലീസിന് പുറമെ രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫൈനല്‍ റൗണ്ടില്‍ എത്തിയ 25 പേര്‍ക്ക് വേണ്ടി ജോബി എന്‍ ജോണ്‍, രാഹുല്‍ സുനില്‍, ഹര്‍ ഗോവിന്ദ് എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും സമ്മാന തുക ആയ 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റു വാങ്ങി.

ഇന്ത്യയില്‍ ആദ്യമായി കേരളാ പൊലീസാണ് ഡാര്‍ക്ക് വെബിലെ നിഗൂഢതകള്‍ നീക്കുന്നതിനും ഡാര്‍ക്ക് വെബിലെ ക്രൈമുകള്‍ അനലൈസ് ചെയ്യുന്നതിനും ഡാര്‍ക്ക് വെബിലെ പൊലീസിങ്ങിന് ആവശ്യമായ രീതിയിലുമുള്ള ഒരു സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു . രാജ്യത്തെ മറ്റു പല ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളും ഈ സോഫ്റ്റ് വെയറിന്റെ സവിശേഷതകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും സര്‍വീസിനെകുറിച്ചും അന്വേഷിച്ചറിയുകയും ഡാര്‍ക്ക് വെബുമായി ബന്ധപ്പെട്ട മേഖലയില്‍ കേരളാ പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള താല്പര്യവും അറിയിച്ചിട്ടുണ്ട്. ‘ഏൃമുിലഹ ‘ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ ആപ്ലിക്കേഷന്‍ കേരളാ പൊലീസിനും നമ്മുടെ രാജ്യത്തിനും എടുത്തു പറയത്തക്ക രീതിയിലുള്ള ഒരു നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടെക്കികള്‍ക്കും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദഗ്ദ്ധര്‍ക്കും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ ക്രമസമാധാന പരിപാലനം, സിവില്‍ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പൊലീസ് ഈ അഞ്ചാം പതിപ്പ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. തീം സൂചിപ്പിക്കുന്നത് പോലെ ഡാര്‍ക്ക് വെബിന്റെ നിഗൂഢതകള്‍ ദുരുപയോഗം ചെയ്തു നടത്തുന്നതായ സൈബര്‍ ക്രൈമുകള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നടന്ന ഹാക്കത്തോണുകളില്‍ നിന്നും വ്യത്യസ്തമായി ഡാര്‍ക്ക് നെറ്റിലെ ക്രൈമുകള്‍ കണ്ടെത്തുന്നതിനും ഡാര്‍ക്ക് നെറ്റിലെ ഫലപ്രദമായ പൊലീസിങ്ങിനും വേണ്ടി അഡ്വാന്‍സ് ഡാര്‍ക്ക്‌നെറ്റ് സെര്‍ച്ച് എന്‍ജിന്‍, ഇന്റലിജന്റ് ഡാര്‍ക്ക് നെറ്റ് മോണിറ്ററിങ്, ഡിസെക്ടിങ് ഡാര്‍ക്വെബ് എന്നീ സവിശേഷതകള്‍ ഒരൊറ്റ സോഫ്‌റ്റ്വെയറില്‍ തന്നെ ലഭ്യമാക്കിക്കൊണ്ടുള്ള ഒരു ഡാര്‍ക്ക് നെറ്റ് പൊലീസിങ് ആപ്ലിക്കേഷനാണ് ഹാക്ക് പി 2021ലൂടെ നിര്‍മ്മിച്ചത്.

2021 മാര്‍ച്ച് 15നു ആരംഭിച്ച ഹാക്കത്തോണ്‍ രജിസ്ട്രേഷനില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി സോഫ്റ്റ്വെയര്‍ ഡെവലപ്പേഴ്‌സ്, യൂസര്‍ ഇന്റര്‍ഫേസ് /യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനേഴ്‌സ്, ഇന്‍വെന്റര്‍സ്, ഡാര്‍ക്ക് വെബ് റിസര്‍ച്ചേഴ്സ് എന്നീ മേഖലകളിലുള്ളവരുടെ 360 ഓളം അപേക്ഷകള്‍ ലഭിക്കുകയും അവരില്‍ നിന്നും സൈബര്‍ഡോം നോഡല്‍ ഓഫീസറായ മനോജ് എബ്രഹാം ഐ പി എസ്, ഐ ടി മേഖലയിലെ വിദഗ്ദ്ധരും സൈബര്‍ഡോമിലെ പൊലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുക്കപ്പെട്ട സൈബര്‍ഡോം വോളന്‍ഡിയര്‍മാരും ഉള്‍പ്പെട്ട സംഘം നടത്തിയ ആദ്യ ഘട്ട സ്‌ക്രീനിങ്ങിനു ശേഷം തെരഞ്ഞെടുത്ത 165 പേര്‍ക്ക് ഹാക്കത്തോണിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ മികച്ച രീതിയില്‍ ടെക്‌നിക്കല്‍/പ്രോഗ്രാമിങ് സ്‌കില്‍ പ്രകടിപ്പിച്ച 25 പേരെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യുകയുമായിരുന്നു .

സോഫ്‌റ്റ്വെയര്‍ നിര്‍മ്മിക്കുന്നതിനായി ഐ ടി മേഖലയിലെ വിദഗ്ദ്ദരായ മെന്റര്‍മാരും സൈബര്‍ഡോമിലെ പൊലീസ് ഉദ്യോഗസ്ഥരും സൈബര്‍ഡോം വോളന്‍ഡിയര്‍മാരും ഉള്‍പ്പെടുന്ന വിദഗ്ധസംഘം ഈ തെരഞ്ഞെടുത്ത 25 പേര്‍ക്ക് സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ക്കു ആവശ്യമായ രീതിയില്‍ ടെക്‌നോളജിയിലും പ്രോഗ്രാമിങിലും വേണ്ട അറിവുകള്‍ നല്‍കി ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തിന് അവരെ സജ്ജരാക്കുകയും ചെയ്തു. 2021 ജൂലൈ 5 ന് ആരംഭിച്ച ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് സെപ്റ്റംബര്‍ 1 -നാണ് അവസാനിച്ചത്. വിദഗ്ധരായ ഈ മെന്റ്റര്‍മാരുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റിന്റെ ഓരോ ഘട്ടവും പൂര്‍ത്തീകരിച്ചത്.

ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ചൈല്‍ഡ് പോണോഗ്രാഫി, മയക്കുമരുന്ന് കച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകള്‍, റാന്‍സംവെയര്‍ സര്‍വീസ് മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുവാനും അതിലൂടെ നമ്മുടെ രാജ്യത്തിന്റെ സൈബര്‍ സുരക്ഷ കൂടുതല്‍ ഉറപ്പു വരുത്താനും ഇത് വഴി സാധിക്കും.

ഗതാ?ഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡി ജി പി അനില്‍ കാന്ത് ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തി. എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസ്, എ ഡി ജി പി (L&O) വിജയ് സാഖറേ ഐ പി എസ്, പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ജതീന്ദര്‍ താങ്കര്‍, എസ് ബി ഐ ജനറല്‍ മാനേജര്‍ ഇന്ദ്രാനില്‍ ബഞ്ച, ഡി ഐ ജി പി പ്രകാശ് ഐ പി എസ് തുടങ്ങിയര്‍ പങ്കെടുത്തു. ചടങ്ങില്‍ വച്ചു ബെസ്റ്റ് പൊലീസ് സ്റ്റേഷന്‍ അവാര്‍ഡ് നേടിയ തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്നമംഗലം പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള സമ്മാനങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News