ഇന്ധനവില വര്‍ധിക്കുന്നത് താലിബാന്‍ കാരണമെന്ന വിചിത്ര വാദവുമായി ബി ജെ പി

രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്ക് പുതിയ കാരണം കണ്ടെത്തി ബി ജെ പി എം എല്‍ എ. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമെന്നാണ് കര്‍ണാടകയിലെ ബി ജെ പി എം എല്‍ എ അരവിന്ദ് ബെല്ലാഡിന്റെ വാദം.

‘അഫ്ഗാനിലെ താലിബാന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വിതരണം നടക്കുന്നില്ല. അത് കാരണം പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധിക്കുകയാണ്. വോട്ടര്‍മാര്‍ക്ക് ഇത് മനസിലാക്കാനുള്ള പക്വതയുണ്ട്,’ അരവിന്ദ് പറഞ്ഞു.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യ അഫ്ഗാനില്‍ നിന്നല്ല ക്രൂഡ് ഓയില്‍ വാങ്ങുന്നത്. ഇറാഖ്, സൗദി അറേബ്യ, യു എ ഇ, നൈജീരിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ വലിയ അളവില്‍ ക്രൂഡ് ഓയില്‍ വാങ്ങിക്കുന്നത്.

എണ്ണ ബോണ്ട് പലിശ കാരണം അഞ്ച് വര്‍ഷം കൊണ്ട് 70000 കോടി അടച്ചു. 2026 വരെ 37000 കോടി രൂപ കൂടി അടക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇതുവരെ പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒരു ലിറ്റര്‍ പെട്രോളിന് രാജ്യത്ത് 100 രൂപ കടന്നിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് 88 ശതമാനം അധികവരുമാനമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് വര്‍ധിപ്പിച്ചത്. ഡീസലിനാകട്ടെ ഇത് 15.83 ല്‍ നിന്ന് 31.8 രൂപയാക്കി. ഇതാണ് കേന്ദ്ര സര്‍ക്കാരിന് റെക്കോഡ് വരുമാനം കൊണ്ടുവന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ (ഏപ്രില്‍-ജൂണ്‍) തീരുവയില്‍ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപ കടന്നതായും കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. കൊവിഡും ലോക്ഡൗണും മൂലം ഗതാഗതവും മറ്റും കുറഞ്ഞില്ലായിരുന്നെങ്കില്‍ വരുമാനം ഇതിലും ഉയര്‍ന്നേനെ. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, പ്രകൃതിവാതകം എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനമാണിത്. പെട്രോള്‍, ഡീസല്‍ തീരുവയില്‍ നിന്ന് 2019-20ല്‍ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. 2018-19ല്‍ 2.13 ലക്ഷം കോടിയായിരുന്നു തീരുവയില്‍ നിന്നുള്ള വരുമാനം.

ഇന്ധനവിലവര്‍ദ്ധനവ് അടിക്കടി ഉയരുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു. ഇതിനു തടയിടാന്‍ വസ്തുതാപരമല്ലാത്ത ന്യായങ്ങളും കൊണ്ട് വരാറാണ് പതിവ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് ഇന്ത്യയിലെ ഇന്ധനവില കൂട്ടാനായിരുന്നു എന്നാണു ബി ജെ പിയുടെ പുതിയ മണ്ടന്‍ വാദമെന്നു തോന്നും. യു പി എ സര്‍ക്കാര്‍ ഇറക്കിയ എണ്ണ ബോണ്ട് പലിശ ഖജനാവിന് ബാധ്യതയാണെന്നും ഇതാണ് ഇന്ധന നികുതി കുറ്ക്കുന്നതിന് തടസമെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel