രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായുടെ ശ്രമം; വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യ ലബ്ദിക്ക് മുന്‍പ് ദ്വാപരയുഗം മുതല്‍ ഭാരതത്തില്‍ ജനാധിപത്യം നിലനിന്നിരുന്നു എന്നാണ് കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം.

ദില്ലി പൊലീസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ബ്യൂറോയുടെ അമ്പത്തി ഒന്നാം സ്ഥാപക ദിനത്തില്‍ ആണ് കേന്ദ്ര മന്ത്രി വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തെയും സമര സേനാനികളെയും അവഹേളിച്ച കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയ്ക്ക് എതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മനുസ്മൃതി കാലഘട്ടത്തിലേക്ക് ഇന്ത്യയെ തിരിച്ച് കൊണ്ട് പോകുന്ന നിലപാട് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത്. പൗരാണിക ഭാരതത്തില്‍ ജനാധിപത്യം ഉണ്ടായിരുന്നു എന്നും ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഏഴിന് ശേഷമല്ല ഇന്ത്യയില്‍ ജനാധിപത്യം രൂപം കൊണ്ടത് എന്നും ഉള്ള അമിത് ഷായുടെ നിലപാട് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഹിന്ദു രാഷ്ട്ര നിലപാടിലേക്ക് ആക്കം കൂട്ടുന്നതുമായ ഒന്നാണ്.

സ്വാതന്ത്ര്യ ലബ്ദിക്ക് മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് നാട്ട് രാജ്യങ്ങള്‍ ആണ്. പല രാജ്യങ്ങളും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ വിസമ്മതിച്ചവയുമാണ്. പിന്നീട് ഇന്ത്യന്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ച ദേശീയ നേതാക്കളെ അവഹേളിക്കുന്ന നിലപാട് ആണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയില്‍ നിന്നും ഉണ്ടായത്.

പലായിരം കോടികള്‍ മുടക്കി പട്ടേല്‍ പ്രതിമ സ്ഥാപിച്ച ബിജെപി പോലും ഇന്ത്യന്‍ യൂണിയന്‍ സ്ഥാപിക്കുന്നതിന് വേണ്ടി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നടത്തിയ ത്യാഗങ്ങളെ തങ്ങളുടെ സൗകര്യാര്‍ത്ഥം മറക്കുന്നു എന്നത് അടിവരയിട്ട് ഓര്‍മ്മിപ്പിക്കുകയാണ് അമിത് ഷായുടെ നിലപാടിലൂടെ.

സ്വാതന്ത്യ സമരത്തെയും അതിനു നേതൃത്വം നല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെയും തങ്ങളുടെ സൗകര്യാര്‍ത്ഥം രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുകയാണ് സംഘ പരിവാര്‍ സംഘടനകള്‍ എന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ ആണ് പോലീസ് ആന്‍ഡ് റിസര്‍ച്ച് ബ്യൂറോയുടെ അമ്പത്തി ഒന്നാം സ്ഥാപക ദിനത്തില്‍ അമിത് ഷാ നടത്തിയ പ്രസംഗം വിവാദം ആകുന്നത്.

രാജ്യത്തിന്റെ സ്വഭാവ സവിശേഷത ആണ് ജനാധിപത്യം എന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കൈവരിച്ചത് കൊണ്ട് മാത്രം ലഭിച്ച പ്രത്യേകത അല്ല ഇതെന്നും കേന്ദ്ര മന്ത്രി പറഞ്ഞത്. സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പടെ അടിസ്ഥാനം ഇല്ലാത്ത പുരാണ കല്‍പനകള്‍ നിറച്ച കേന്ദ്ര സര്‍ക്കാര് നടപടിക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആണ് പുരാണങ്ങളെ ഉദ്ധരിച്ച് രാജ്യത്തിന്റെ ചരിത്രം വക്രീകരിക്കാന്‍ കേന്ദ്ര മന്ത്രി അമിത് ഷാ ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News