ഒരാഴ്ച അതീവ നിര്‍ണ്ണായകം, നേരിടാന്‍ സജ്ജം: ആരോഗ്യമന്ത്രി

കോഴിക്കോട് നിപാ ബാധ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ഏഴ് ദിവസം അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് നിപാ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിപാ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 188 പേരുണ്ട്. ഇവരില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ്. ഇവരുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

നിലവില്‍ രോഗലക്ഷണമുള്ള രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിപാ ബാധിതനായ കുട്ടിയെത്തിയ സ്വകാര്യ ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ജീവനക്കാരാണ് ഇവര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ് നിപാ വാര്‍ഡാക്കി മാറ്റി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന് വൈകുന്നേരം ഇവിടെ പ്രവേശിപ്പിക്കും. മാവൂരാണ് നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി. കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കള്‍ മൂന്ന് ആശുപത്രികളില്‍ പോയിരുന്നു. അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗസാധ്യതയുള്ളത്. ഇവരോടും ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും കണ്ടെത്തും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവപരിശോധനയ്ക്ക് സൗകര്യം ഒരുക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘം എത്തും. പൊസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ കണ്‍ഫേര്‍മേറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. പൂനെയിലെ എന്‍ ഐ വി ലാബില്‍ സാമ്പിളുകള്‍ അയച്ച് കണ്‍ഫേര്‍മേറ്റീവ് ടെസ്റ്റ് നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കും.

ഐ സി എം ആറിനോട് പുതിയ മോണോക്ലോണല്‍ ആന്റിബോഡി ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ മോണോക്ലോണല്‍ ആന്റിബോഡി ലഭ്യമാക്കുമെന്ന് ഐ സി എം ആര്‍ അറിയിച്ചിട്ടുണ്ട്. നിപാ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയതായും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് മരുന്നുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

പെതുജനങ്ങള്‍ക്കായി നിപാ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 04952382500, 04952382800 എന്നിവയാണ് കോള്‍ സെന്റര്‍ നമ്പറുകള്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യത. അതുകൊണ്ട് തന്നെ ആവശ്യമെങ്കില്‍ പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കും. നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഗസ്റ്റ് ഹൗസ് കേന്ദ്രീകരീച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News