നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്.അതേസമയം സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. മരിച്ച കുട്ടിയുമായി അടുത്തിടപ‍ഴകിയ 7 പേരുടെ പരിശോധനാ ഫലം വൈകീട്ടോടെ ലഭിക്കും. ആടിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയില്ലെന്നും വീട്ടിൽ വളർത്തുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും മന്ത്രി അറിയിച്ചു.

നിപ പ്രതിരോധം മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സയെ ബാധിക്കില്ല. കൂടുതൽ  ആരോഗ്യ പ്രവർത്തകരെ നിയമിക്കും. ഉറവിടം കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു.

നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. ഐസിയു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കുന്നതാണെന്നും രോഗിയുമായി സമ്പർക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തുമെന്നും വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

നിപ പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കും. എൻഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കൽ കൂടി കൺഫോം ചെയ്യാൻ എൻഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here