ഒരു കുടുംബത്തിന്‍റെ സ്വപ്നം തകര്‍ത്ത വില്ലന്‍ ‘ നിപ ‘

നിപ തകർത്തത് ഒരു കുടുംബത്തിൻറെ എല്ലാമായിരുന്ന ഏക മകനെ. പൊന്നുമോനെ അവസാനമായൊന്ന്‌ കാണാൻ പോലും അബൂബക്കറിനും വാഹിദയ്‌ക്കുമായില്ല. മകനെ കോഴിക്കോട്‌ കണ്ണമ്പറമ്പിൽ ഖബറടക്കുമ്പോൾ നെഞ്ച്‌ തകർന്നിവർ വിലപിക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹാഷിം. നിപാ തങ്ങളുടെ മകനെ കൊണ്ടുപോയയെന്ന്‌ ഇപ്പോഴും ഇവർക്ക്‌ വിശ്വസിക്കനായിട്ടില്ല.

നന്നായി മാപ്പിളപ്പാട്ടുകൾ പാടുമായിരുന്ന ഈ പന്ത്രണ്ടുകാരൻ, കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു. വീട്ടിൽ വളർത്തുന്ന ആടുകളെ പരിപാലിച്ചിരുന്നതും ഹാഷിമായിരുന്നു. പഠനത്തിലും മികവ് പുലർത്തി. കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരുന്നു.

ഹാഷിമിന്റെ വിയോഗം നാട്ടുകാരെയും കൂട്ടുകാരെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തി. ആഗസ്ത്‌ 28നാണ്‌ പനി ബാധിച്ചത്‌. അസുഖം ഭേദമായി ആശുപത്രിയിൽനിന്നും തിരികെ വരുന്നതും കാത്തിരിക്കുകയായിരുന്നു ബന്ധുക്കളും.

ചേതനയറ്റ ശരീരംപോലും ഇവർക്കും കാണാനായില്ല. അബൂബക്കർ സിപിഐ എം മുന്നൂർ ബ്രാഞ്ചംഗമാണ്‌. മൃതദേഹം കോഴിക്കോട്‌ കണ്ണമ്പറമ്പ്‌ ഖബർസ്ഥാനിൽ ഖബറടക്കി. കനത്ത ആരോഗ്യ സുരക്ഷയിലായിരുന്നു ഖബറടക്കം. അടുത്ത അഞ്ച്‌ ബന്ധുക്കൾ പിപിഇ കിറ്റ്‌ ധരിച്ച്‌ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here