8 പേര്‍ക്ക് നിപ രോഗലക്ഷണം; 251 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍, 32 പേര്‍ ആശുപത്രിയില്‍

കൂടുതൽ പേരിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേർക്ക് നിപ രോഗലക്ഷണങ്ങൾ കാണിച്ചതായി അറിയിച്ചത്. 251 പേരാണ് ആകെ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇന്നലെ അത് 188 ആയിരുന്നു. ഇതിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ 32 പേരാണ് ഉള്ളത്. നിലവിൽ ഇവർ ആശുപത്രിയിലാണ്.

ഇതിൽ എട്ട് പേരുടെ പരിശോധനാഫലമാണ് ഇനി പൂനെയിൽ നിന്ന് വരാനുള്ളത്. 12 മണിക്കൂറിനകം ഫലം എത്തുമെന്നാണ് അറിയുന്നത്.

കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കുമായിരുന്നു നേരത്തെ രോഗലക്ഷണമുണ്ടായിരുന്നത്. ഇന്ന് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്.ആറ് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നാണ് അധികൃതകർ അറിയിച്ചത്. നേരത്തെ പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്ന 20 പേരെയായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോൾ 12 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.നിലവിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടിയുമായി അടുത്ത സമ്പർക്കമുള്ള ഏഴ് പേരുടെ പരിശോധനാഫലം വൈകീട്ടോടെ ലഭിക്കും. കുട്ടിയുടെ വീട്ടിൽ വളർത്തിയിരുന്ന ആടിന് അസുഖം ബാധിച്ചതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പ്രദേശത്ത് കേന്ദ്ര സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ സംസ്ഥാനത്തെത്തും. മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള പരിശീലനം ആശ വർക്കർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നൽകും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News