മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ പരാമര്‍ശം; രാജ്മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടി കെപിസിസി; നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പുനേതാക്കളും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമര്‍ശത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനോട് കെ പി സി സി വിശദീകരണം തേടി.

ഡി.സി.സി. പ്രസിഡന്റ് നിയമനത്തില്‍ കൂടിയാലോചനകള്‍ നടന്നില്ല എന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടപടി. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന രണ്ട് നേതാക്കള്‍ക്കെതിരെ ഈ തരത്തില്‍ പ്രതികരിച്ചതില്‍ കെ.സുധാകരടക്കം ഉണ്ണിത്താനെ തള്ളിപ്പറഞ്ഞിരുന്നു.

അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പുനേതാക്കള്‍ രംഗത്തെത്തി. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഉണ്ണിത്താനോട് വിശദീകരണം തേടുമെന്ന് സുധാകരന്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

അതേസമയം കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

പുനഃസംഘടന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് വരില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here