വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി

കൊവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇതിനായി കൊവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ വാക്സിന് ഈ ഇളവ് ബാധകമല്ല എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കിറ്റക്സിന്‍റെ ഹര്‍ജിയിലാണ് ഉത്തരവ്.

കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസത്തിനു ശേഷമെ രണ്ടാം ഡോസ് നല്‍കാവൂയെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ആവശ്യക്കാര്‍ക്ക് ആദ്യ ഡോസ് സ്വീകരിച്ച് നാലാ‍ഴ്ച്ചത്തെ ഇടവേളയില്‍ രണ്ടാം ഡോസ് നല്‍കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ കൊവിന്‍പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി ഉത്തരവിട്ടു.

എന്നാല്‍ സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യ വാക്സിന് ഈ ഇളവ് ബാധകമല്ല എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാർക്ക് പെട്ടെന്ന് വാക്സീൻ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്.

മുഴുവൻ ജീവനക്കാർക്കുമായുള്ള വാക്സീൻ തങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നൽകുകയും ചെയ്തുവെന്നും എന്നാൽ സർക്കാർ നിശ്ചയിച്ച 84 ദിവസത്തെ ഇടവേള വരെ വാക്സീൻ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാൽ അടിയന്തരമായി രണ്ടാം ഡോസ് നൽകാൻ അനുമതി വേണം എന്നായിരുന്നു കിറ്റക്സിൻ്റെ ആവശ്യം.എന്നാല്‍ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.

വാക്സീൻ്റെ ഗുണഫലം വ‍ർധിപ്പിക്കാനാണ് ഇടവേള വർധിപ്പിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാർ വാദം.എന്നാല്‍ ഈ വാദത്തില്‍ ക‍ഴമ്പില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മറ്റു പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്സീൻ എടുക്കാൻ സാധിക്കുന്നുണ്ട്.

വാക്സീൻ്റെ കാര്യത്തിൽ  രാജ്യത്തെ പൗരൻമാർക്ക് രണ്ട് തരം നീതി നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്സീൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. വാക്സീൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News