11 പേര്‍ക്ക് നിപ രോഗ ലക്ഷണം; എട്ട് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

നിപ വൈറസ് ബാധിച്ച് കോഴിക്കോട് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സമ്പര്‍ക്ക പട്ടികയില്‍ 251 പേരുണ്ടെന്നും 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേരും ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കും തീവ്രമായ ലക്ഷണമില്ല. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു. ആകെ 54 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളത്. ഇവരില്‍ 30 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിപ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എട്ട് പേരുടെ പരിശോധനാ ഫലം ഇന്ന് രാത്രി വൈകി ലഭിക്കും. ഭോപ്പാലില്‍ നിന്നുള്ള എന്‍.ഐ.വി സംഘം മറ്റന്നാള്‍ എത്തും. സംസ്ഥാന തലത്തില്‍ നിപാ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചുവെന്നും ഏവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കോഴിക്കോട് ജില്ലയില്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് വാക്‌സിനേഷന്‍ ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് രാത്രി മുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമായിട്ടുണ്ട്.  ട്രൂനെറ്റ് ടെസ്റ്റിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. അതിനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട് സംഘം മെഡിക്കല്‍ കോളജില്‍ എത്തും. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്നും തുടരും.

കുട്ടിയുടെ വീടും പരിസരവും മൃസംരക്ഷണ വകുപ്പ് സന്ദര്‍ശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്പൂട്ടാന്‍ മരങ്ങള്‍ കണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പാതി കടിച്ച റമ്പൂട്ടാനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയില്‍ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ഉണ്ടെന്നും, റെംഡിസീവര്‍ ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭോപ്പാല്‍ എന്‍ഐവി സംഘം മറ്റന്നാള്‍ കോഴിക്കോടെത്തുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

 രണ്ട് ദിവസത്തിനകം മോണോക്ളോണല്‍ ആന്‍റീ ബോഡീസ് ആസ്ട്രേലിയയില്‍ നിന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്ക പട്ടികയില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ കണ്ടയ്മെന്‍റ് സോണായി പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News