കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് സാന്ത്വന പരിചരണവും ഗൃഹ സന്ദര്‍ശനവുമെന്ന് എ വിജയരാഘവന്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് സാന്ത്വന പരിചരണവും ഗൃഹ സന്ദര്‍ശനവുമെന്ന് എ വിജയരാഘവന്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി തീര്‍ക്കാവുന്ന പ്രശ്‌നം അല്ല കോണ്‍ഗ്രസിലേതെന്നും , പി എസ് പ്രശാന്ത് ഒരു തുടക്കം മാത്രമെന്നും എ വിജയരാഘവന്‍ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്തിന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്തിന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുകാര്‍ ബിജെപി യിലേക്കാണ് പോകുന്നതെങ്കില്‍ ഇവിടെ സിപിഎമ്മിലേക്കാണ് വരികയെന്ന് പറഞ്ഞ വിജയരാഘവന്‍ പി എസ് പ്രശാന്ത് ഒരാള്‍ അല്ലെന്നും ,ഒരു മുന്നേറ്റത്തിന്റെ തുടക്കക്കാരനാണെന്നും വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയോ ,ആഭ്യന്തര ജനാധിപത്യമോ ഇല്ല. തിരഞ്ഞെടുക്കപ്പെട്ട നേതൃത്വമല്ല പോസ്റ്റല്‍ കത്ത് കിട്ടി നേതൃപദവി എത്തിയവര്‍ മാത്രമാണ് ഇന്ന് കോണ്‍ഗ്രസില്‍ ഉളളത്. ഉമ്മന്‍ ചാണ്ടിക്കും – രമേശ് ചെന്നിത്തലക്കും കോണ്‍ഗ്രസില്‍ വിലയില്ലതായി. കോണ്‍ഗ്രസില്‍ നിന്ന് സിപിഐഎമ്മിലേക്ക് വരുന്നവര്‍ എല്ലാം മാലിന്യങ്ങളാണെന്ന കെ മുരളീധരന്റെ പരാമര്‍ശത്തിനും വിജയരാഘവന്‍ മറുപടി നല്‍കി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് സാന്ത്വന പരിചരണവും ,ഗൃഹ സന്ദര്‍ശനവുമെന്ന് എ വിജയരാഘവന്‍ പരിഹസിച്ചു

പാര്‍ട്ടിക്ക് ബാധിച്ച രോഗാവസ്ഥയെ പറ്റി രാഹുല്‍ ഗാന്ധിയോട് പരാതി പറഞ്ഞതിനാണ് തന്നെ പുറത്താക്കിയതെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. സോണിയാ ഗാന്ധിക്ക് മൊട്ടുസൂചി വാങ്ങണമെങ്കിലും കെ.സി വേണുഗോപാലിന്റെ അനുമതി വേണമെന്ന് പി എസ് പ്രശാന്ത് തുറന്നടിച്ചു.

സിപിഐഎമ്മിന്റെ ഭാഗമായ പി എസ് പ്രശാന്തിനെ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവന്‍ രക്തപതാക നല്‍കി സ്വീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായിരുന്നു. ആനാവൂര്‍ നാഗപ്പന്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം വിജയകുമാര്‍, കടകംപളളി സുരേന്ദ്രന്‍ , വി ശിവന്‍കുട്ടി , കോലിയക്കോട് കൃഷ്ണന്‍ നായര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, വികെ പ്രശാന്ത് എംഎല്‍എ എന്നീവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അയ്യങ്കാളി സ്മാരക ഹാളില്‍ നടത്തിയ ചടങ്ങില്‍ ജില്ലയിലെ സിപിഐഎംന്റെ പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News