ഓവലില്‍ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യൻ വിജയഗാഥ

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യയുടെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.സ്‌കോര്‍ ഇന്ത്യ 191 & 466, ഇംഗ്ലണ്ട് 290& 210.

ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ബേണ്‍സിന് പകരം ക്രീസിലെത്തിയ ഡേവിഡ് മാലന്‍ അഞ്ച് റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത് പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച താരം റണ്‍ ഔട്ട് ആകുകയായിരുന്നു.

ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ചെറുത്തുനില്‍പ്പ് താക്കൂര്‍ അവസാനിപ്പിച്ചതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ 368 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് ബൗളിംഗിനു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യന്‍ ബാറ്റിംഗ നിര രണ്ടാം ഇന്നിംഗ്‌സില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കുന്ന കാഴ്ചയ്ക്കാണ് ഓവല്‍ സാക്ഷിയായത്.മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 466 റണ്‍സിന് ഓള്‍ഔട്ടായി.

സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News