മലയാളത്തിന്റെ മഹാനടന് ഇന്ന് എഴുപതാം ജന്മദിനം

മലയാളത്തിന്റെ മഹാനടന് ഇന്ന് എഴുപതാം ജന്മദിനം. അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന ഒരേയൊരു പേരാണ് മമ്മൂട്ടി. മലയാളം കമ്മ്യൂണിക്കേഷൻസ്‌ ചെയർമാൻ കൂടിയായ മമ്മൂക്കയ്ക്ക് കൈരളി ന്യൂസിന്റെ ജന്മദിനാശംസകൾ.

അതിരുകളില്ലാത്ത നടന വിസ്മയത്തിന്റെ വിവിധ ഭാവങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ മഹാനടൻ. വല്ല്യേട്ടൻ ആയും കുടുംബനാഥനായും പൊലീസ് ആയും അധ്യാപകനായും രാഷ്ട്രീയക്കാരനായും ചരിത്രപുരുഷനായും, അങ്ങനെ എണ്ണി തീർക്കാനാകാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച താര നക്ഷത്രം. അനുഭവങ്ങൾ പാളിച്ചകളിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തി ജികെ ആയും മേലേടത്ത് രാഘവൻ നായരായും ചന്തു ചേകവരായും വാറുണ്ണിയായും ഇങ്ങവസാനം കടയ്ക്കൽ ചന്ദ്രനായുമൊക്കെ എണ്ണിയാലൊടുങ്ങാത്ത നിരവധി കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക സമൂഹത്തെ ത്രസിപ്പിച്ച പ്രിയതാരം.

അഭിഭാഷകളിൽ നിന്നും അഭിനയമോഹം സിനിമയിലേക്ക് എത്തിച്ചപ്പോൾ വെള്ളിത്തിരയിലെ ഭാഗ്യനക്ഷത്രമായി ഉദിച്ചുയർന്നു മമ്മൂക്ക.സഹ നടനിൽ നിന്നും ആരും കൊതിക്കുന്ന നടനായി. ഹിറ്റുകളിലൂടെയും സൂപ്പർ ഹിറ്റുകളിലൂടെയും മെഗാ ഹിറ്റുകളിലൂടെയും ആ മഹാനടൻ ജൈത്രയാത്ര തുടർന്നു. കഠിനാധ്വാനത്തിലൂടെയും അർപ്പണ ബോധത്തോടെയും ലക്ഷ്യത്തിൽ എത്താം എന്ന് പഠിപ്പിച്ച് തന്ന ജീവിതം.

അഭിനയം കൊണ്ടും ശബ്ദം കൊണ്ടും വേഷപ്പകർച്ച കൊണ്ടും എത്ര എത്ര തവണ പ്രേക്ഷകരെ ഞെട്ടിച്ചു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമൊക്കെ ആ നടനവിസ്മയത്തെ നേരിട്ടറിഞ്ഞു. സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട മമ്മൂക്ക ഇന്ത്യൻ സിനിമാ ലോകത്തിനു തന്നെ വിസ്മയമാണ്. കണ്ട് കണ്ട് കൊതി തീരാത്ത 50 വർഷങ്ങൾ.

1998 ൽ പദ്മശ്രീ..89 ലും, 93 ലും 98ലും ദേശീയ പുരസ്ക്കാരം. നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചൻ മാത്രമാണ് ഈ നേട്ടത്തിൽ അദ്ദേഹത്തിന് മുന്നിലുള്ളത്. 7 തവണ സംസ്ഥാന പുരസ്ക്കാരം. എണ്ണിയാൽ തീരാത്ത പുരസ്‌കാരങ്ങൾ പിന്നെയും.

അഭിനയത്തിനായി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തി. ചന്തു ചേകവർ ആയും പഴശ്ശിരാജയായും അംബേദ്കർ ആയും ഒക്കെ മറ്റാരെയാണ് പ്രേക്ഷകർക്ക് സങ്കൽപ്പിക്കാൻ ആവുക. ഊരും പേരുമില്ലാത്ത ആദ്യ കഥാപാത്രത്തിൽ നിന്നും ചുവടുകൾ മുന്നോട്ട് വെച്ചപ്പോൾ പിന്നീട് നടന്നത് ചരിത്രം. ഓരോ വർഷം പിന്നിടുമ്പോഴും അഭിനയത്തിനും സൗന്ദര്യത്തിനും വീര്യം കൂടുന്ന, പ്രായം പോലും തോറ്റു പോകുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം.

തലമുറകളെ ത്രസിപ്പിച്ച ഇതിഹാസനായകന്, മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്, മലയാളത്തിന്റെ നടന യൗവ്വനത്തിന്, പകരക്കാരനില്ലാത്ത നടന വിസ്മയത്തിന് കൈരളി ന്യൂസിന്റെ ജന്മദിനാശംസകൾ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News