ഇന്ന് കർഷകരുടെ മഹാ പഞ്ചായത്ത്‌; കനത്ത പൊലീസ് സുരക്ഷയിൽ കർണാൽ

കർണാലിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മിനി സെക്രട്ടേറിയറ്റിന് സമീപം ഇന്ന് മഹാ പഞ്ചായത്ത്. കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി.എമ്മിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മഹാ പഞ്ചായത്ത്‌. ലക്ഷക്കണക്കിന് കർഷകരാണ് കർഷക മഹാ പഞ്ചായത്തിനായി മുസഫർ നഗറിൽ എത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കർണാലിലും മഹാ പഞ്ചായത്ത് സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.

കാർഷിക കരിനിയമങ്ങൾ പിൻവലിക്കാതെ കോർപ്പറേറ്റ് പിന്തുണയിൽ കർഷകരെ ദ്രോഹിക്കുന്ന മോദി സർക്കാരിന് എതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല എന്ന് മഹാപഞ്ചായത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. മഹാ പഞ്ചായത്തിന് കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇന്നലെ വൈകുന്നേരം കർഷക സംഘടനകളും ജില്ല ഭരണകൂടവും ചർച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു.

തുടർന്ന് മഹാ പഞ്ചായത്തുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. അതേസമയം, കർണാലിൽ മഹാ പഞ്ചായത്ത് നടക്കുന്ന സ്ഥലം കനത്ത പോലീസ് സുരക്ഷയിലാണ്. 80 കമ്പനി പൊലീസിനെയും കേന്ദ്ര സേനയെയും കർണാലിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. കർണാലടക്കം ആറ് ജില്ലകളിൽ ഇന്‍റര്‍നെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കർഷക സംഘടനകളോട് ജില്ലാ മജിസ്‌ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഈ മാസം 15-നും ഛത്തീസ്ഗഢിൽ ഈ മാസം 28-നും മഹാ പഞ്ചായത്ത് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News