ADVERTISEMENT
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനം ലോകത്തെങ്ങുമുള്ള ആരാധകര്‍ പലവിധത്തില്‍ ആഘോഷിക്കുമ്പോള്‍ വ്യത്യസ്ഥമായൊരു രീതിയില്‍ ആഘോഷിക്കുകയാണ് യു.എ.ഇയിലെ മലയാളി ട്രാവല്‍ ഏജന്‍സി. ദുബൈയിലെ ഷാര്‍ജ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ട്രാവല്‍സ് എല്‍.എല്‍.സിയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ സന്തോഷങ്ങളുടെ ഭാഗമായി ഈ വർഷം 70 വയസ് തികയുന്ന 70 ആരാധകർക്ക് സൗജന്യമായി ദുബൈയിലേക്കുള്ള സന്ദര്‍ശക വിസകള്‍ നല്‍കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മാസത്തെ താമസത്തിനുള്ള വിസയും ട്രാവല്‍ ഇന്‍ഷുറന്‍സുമാണ് നല്‍കുന്നതെന്ന് മമ്മൂട്ടിയുടെ ആരാധകന്‍ കൂടിയായ സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അഫി അഹ്മദ് പറഞ്ഞു.
ഈ വര്‍ഷം 70 വയസ്സ് പൂര്‍ത്തിയാക്കിയവരാണെന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് കോപ്പി സഹിതമാണ് നാളെ (സെപ്റ്റംബര്‍ 8) യു.എ.ഇ സമയം വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷിക്കേണ്ടത്. ആദ്യം അപേക്ഷിക്കുന്ന 70 പേര്‍ക്കാണ് അവസരം ലഭിക്കുക. 320 ദിര്‍ഹം വിലയുള്ള വിസയും ഇന്‍ഷുറന്‍സുമാണ് സൗജന്യമായി നല്‍കുന്നതെന്നും ട്രാവല്‍സ് അധികൃതര്‍ പറയുന്നു.
വിമാന ടിക്കറ്റും കൊവിഡ് ആർടിപിസിആര്‍ പരിശോധനാ നിരക്കുകളും യാത്രക്കാരന്‍ തന്നെ വഹിക്കണം. ചെറുപ്പം മുതലേ മമ്മൂട്ടിയോട് ഏറെ ഇഷ്ടമാണ്. ഈ പ്രായത്തിലും ശാരീരികക്ഷമത നിലനിര്‍ത്തി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ മഹാനടന് ഒരു ജന്മദിന സമ്മാനം നല്‍കുമ്പോള്‍ അത് യു.എ.ഇയിലുള്ള പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകട്ടെ എന്നു കരുതി. മമ്മൂക്കയ്ക്കും അതായിരിക്കും ഇഷ്ടമെന്നും വിശ്വസിക്കുന്നുവെന്ന് അഫി പറഞ്ഞു.
യാത്രാ വിലക്ക് നീക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ദുബൈയില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ന് സാക്ഷികളാവാനും എത്തുന്നവരുമുണ്ട്. മമ്മൂട്ടിയെ സംബന്ധിച്ച് ദുബൈ അദ്ദേഹത്തിന്റെ രണ്ടാം വീടുപോലെയാണെന്ന് അഫി അഹ്മദ് പറയുന്നു. ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത് കഴിഞ്ഞവര്‍ പൊതുവെ ഇനി തനിക്കൊരു യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് ധരിക്കുന്നവരാണ്. എന്നാല്‍ അത്തരക്കാര്‍ മമ്മൂട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും ജീവിതം അതിന്റെ പൂര്‍ണതയിലെത്തുന്നത് വരെ ജീവിച്ചുതീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇതുപോലുള്ള ഒട്ടേറെ സാമൂഹിക സേവനങ്ങള്‍ അഫി അഹ്മദ് ചെയ്തിട്ടുണ്ട്. തന്റെ ജീവനക്കാരുടെ മാതാക്കള്‍ക്ക് അവരോടുള്ള ആദരവിന്റെ എല്ലാ മാസവും 5,000 രൂപ സമ്മാനിക്കുന്നു. കേരളത്തിലെ ആദ്യ പ്രളയകാലത്ത് സേവനത്തിലൂടെ ഹീറോ ആയ നൗഷാദിനെയും കുടുംബത്തെയും സൗജന്യമായി യു.എ.ഇയിലേയ്ക്ക് കൊണ്ടുവന്ന് ആദരിച്ചു. കൂടാതെ, പിതാവിനെ കാണാന്‍ യു.എ.ഇയിലേയ്ക്ക് വരാന്‍ സമൂഹമാധ്യമത്തിലൂടെ ആഗ്രഹം പ്രകടിപ്പിച്ച ഫിദ എന്ന പെണ്‍കുട്ടിയടക്കം മറ്റു 10 കുട്ടികളെയും കൊണ്ടു വന്ന് യു.എ.ഇ കാണിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.