കർണാലിൽ കർഷക സമരം ശക്തം; പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിപ്പിച്ച് ഭരണകൂടം

ഉത്തരേന്ത്യയിൽ കർഷക സമരം ആളികത്തുകയാണ്. ഹരിയാനയിലെ കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് കർഷകർ നടത്തുന്ന അനിശ്ചിത കാല ഉപരോധം ആരംഭിച്ചു. പ്രതിഷേധം ശക്തമായതിനെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഭരണകൂടം പൊലീസ് കാവൽ ശക്തമാക്കി .

കഴിഞ്ഞ ദിവസം മിനി സെക്രട്ടറിയേറ്റിലേക്ക് കർഷകർ നടത്തിയ മാർച്ചിൽ ഹരിയാന പൊലീസ് സംഘർഷം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിനി സെക്രട്ടറിയേറ്റ് അനിശ്ചിത കാലം ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ നിരവധി കർഷകർക്കാണ് പരിക്കേറ്റത്.

കർണാൽ മഹാപഞ്ചായത്തിൽ നിന്നും കർഷകർ പിന്മാറാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം 11 കർഷക നേതാക്കളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കർഷകർ മിനി സെക്രട്ടറിയേട്ടിലേക്ക് നടത്തിയ മാർച്ചിന് നേരെ ഹരിയാന പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

കർണാലിൽ ആഗസ്റ്റ് 28 ന് നടന്ന പൊലീസ് ലാത്തിച്ചാർജിൽ കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയ എസ് ഡി എം ആയുഷ് സിൻഹയ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്നും മരിച്ച കർഷകനും പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി സർക്കാരുമായി നടന്ന മൂന്ന് ചർച്ചകളും പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ മിനി സെക്രട്ടേറിയേറ്റ് വളഞ്ഞത്. കർഷകർക്കെതിരെ സംഘർഷം അഴിച്ചുവിടുന്ന പൊലീസുകാർക്ക് നേരെ നടപടി ഉണ്ടാകില്ലെന്ന് കർഷകരുമായി നടത്തിയ ആദ്യ ചർച്ചയിൽ ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർഷകർക്ക് നേരെ ക്രൂരമായ ആക്രമണം പൊലീസ് നടത്തുന്നത്.

മൂന്ന് തവണ ചർച്ചകൾ നടത്തിയിട്ടും ജില്ലാ ഭരണകൂടവുമായുള്ള ചർച്ച പരാജയപ്പെട്ടത്തിനാലാണ് അനിശ്ചിത കാലത്തേക്ക് മിനി സെക്രട്ടറേറ്റ് ഉപരോധിക്കുന്നതെന്ന് കർഷകർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും കർഷകർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here