” എന്റെ ദിവാസ്വപ്നം സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ക്കരിക്കണം “; ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ്

കേരളത്തിന്റെ മഹാനടൻ മമ്മുക്കായുടെ എഴുപതാം പിറന്നാൾ ആഘോഷിക്കപ്പെടുന്ന അവസരത്തിൽ ഒരു പഴയകാല അത്യാഗ്രഹവും ഇപ്പോഴത്തെ അതിമോഹവും പങ്കുവച്ചിരിക്കുകയാണ് ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ്. തന്റെ നടക്കാതെപോയ സ്വപ്നം ഇപ്പോൾ മറ്റൊരു സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ക്കരിക്കണമെന്നാണെന്റെ ആഗ്രഹമെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

കൊവിഡ് മഹാമാരിക്കാലത്ത് ലോകം കണ്ട ഏറ്റവും ഭീതിജനമായ മഹാമാരിയായിരുന്ന പ്ലേഗിനെ ആസ്പദമാക്കി ആൽബേർ കമ്യു എഴുതിയ “പ്ലേഗ്“ നോവൽ സിനിമയാക്കുകയും മമ്മുക്ക അതിലെ പ്രധാനകഥാപാത്രമായ ഡോക്ടർ ഡോ ബെർനാഡ് റിയൂവിന്റെ വേഷമിടണമെന്നുമാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹമെന്ന് ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ് പറയുന്നു.

” കേരളത്തിന്റെ മഹാനടൻ മമ്മുക്കായുടെ എഴുപതാം പിറന്നാൾ ആഘോഷിക്കപ്പെടുന്ന അവസരത്തിൽ എന്റെ ഒരു പഴയകാല അത്യാഗ്രഹവും ഇപ്പോഴത്തെ അതിമോഹവും പങ്കുവക്കട്ടെ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പഠനത്തിനിടെ കോളേജ് ആർട്ട്സ് ക്ലബിൽ അംബിസാറിന്റെ (പ്രസിദ്ധ നടൻ അംബികാത്മജൻ നായർ) കർശനമായ ശിക്ഷണത്തിൽ നാടകം കളിച്ചും തബല വായിച്ചും കഴിയുന്നകാലത്താണ് അത്യാഗ്രഹം മൊട്ടിട്ടത്ത്.

അക്കാലത്ത് മാർക്സിസവും “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം“ എന്ന യേശുവചനവും തലക്ക് പിടിച്ചകാലം. സാഹിത്യകൃതികളിൽ നിക്കോസ് കസാൻസാക്കിസിന്റെ ക്രൈസ്റ്റ് റീ ക്രൂസിഫൈഡ് (Christ Recrucified) ആവർത്തിച്ച് വായിച്ച് മന:പാഠമാക്കിയത് സ്വാഭാവികം.

നോവലിൽ ക്രിസ്തുവിന് തുല്യനായി ചിത്രീകരിച്ചിട്ടുള്ള മനോലിയോസായി അഭിനയിക്കണമെന്നും ചിത്രം മറ്റാരുമല്ല ഏറ്റവും പ്രിയ സംവിധായകനായ അകിര കുറസോവ (Akira Kurosawa) തന്നെ സംവിധാനം ചെയ്യണമെന്നുമായിരുന്നു എന്റെ സ്വപ്നം.

നടക്കാതെപോയ എന്റെ ദിവാസ്വപ്നം ഇപ്പോൾ മറ്റൊരു സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ത്ക്കരിക്കണമെന്നാണെന്റെ ആഗ്രഹം.
കോവിഡ് മഹാമാരികാലത്ത് ലോകം കണ്ട് ഏറ്റവും ഭീതിജനമായ മഹാമാരിയായിരുന്ന പ്ലേഗിനെ ആസ്പദമാക്കി ആൽബേർ കമ്യു എഴുതിയ “പ്ലേഗ്“ നോവൽ സിനിമയാക്കുകയും മമ്മുക്ക അതിലെ പ്രധാനകഥാപാത്രമായ ഡോക്റ്റർ ഡോ ബെർനാഡ് റിയൂവിന്റെ വേഷമിടണമെന്നുമാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം.

ചിത്രം സംവിധാനം ചെയ്യേണ്ടത് നിർബന്ധമായും ലോകപ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് (Steven Spielberg) ആയിരിക്കണം പ്രഞ്ച് ഭരണപ്രദേശമായ ആൾജീറിയയിലെ ഒറാനിലെ ജർമ്മൻ ഫാസിസ്റ്റ് അധിനിവേശത്തെ പ്രതീകവൽക്കരിച്ച്കൊണ്ട് കൂടിയാണ് കമ്യു നോവൽ രചിച്ചിട്ടുള്ളത്.

ആഗോള സിനിമയായി വിഭാവനം ചെയ്തായിരിക്കണം വിവിധ ലോകഭാഷകളിലായി ചിത്രം നിർമ്മിക്കേണ്ടത്. ഈ മഹാമാരികാലത്ത് ചിത്രം ലോകശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പാണ്. 1992ൽ La Peste, എന്ന പേരിൽ അർജന്റീന ഡയറക്ടർ പ്ലേഗ് നോവൽ ആസ്പദമാക്കി നിർമ്മിച്ച ചിത്രം അത്ര വിജയം കണ്ടില്ല.

ജബ്ബാർ പട്ടേലിന്റെ ഡോ ബാബസാഹിബ് അംബേദ്ക്കർ ചലച്ചിത്രത്തിലൂടെ അഖിലേന്ത്യതലത്തിൽ ഏറെ അംഗീകാരം നേടിയ മമ്മൂട്ടിക്കായെ ലോകശ്രദ്ധയിലേക്ക് ഉയർത്താൻ ഈ ചിത്രത്തിന് കഴിയും എന്നു എനിക്കുറപ്പുണ്ട്.

കേരള ഫി്ലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ അദ്ധ്യക്ഷനും പ്രസിദ്ധ സംവിധായകനും ഛായഗ്രഹകനുമായ ഷാജി എൻ കരുൺ ശ്രദ്ധിക്കുന്നുണ്ടെന്നും ഇക്കാര്യം ഗൌരവമായി പരിഗണിക്കുമെന്നും വിശ്വസിക്കുന്നു.
പ്രിയപ്പെട്ട മമ്മൂക്കാക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. (എന്നെക്കാൾ പ്രായം കുറവാണെങ്കിലും സ്നേഹവും ആദരവും മൂലം മമ്മൂക്ക എന്ന് വിളിക്കുന്നതിൽ പരിഭവിക്കരുത്)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here