താലിബാന്റെ തോക്കിന്‌ മുന്നിലും പതറാതെ സ്ത്രീകൾ; പ്രാകൃത ഉത്തരവുകൾക്കെതിരെ പ്രതിഷേധം ശക്തം

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കാൻ ശ്രമിക്കുന്ന പ്രാകൃതമായ ഉത്തരവുകൾക്കെതിരെ പ്രതിഷേധവുമായി സ്‌ത്രീകൾ തെരുവിൽ. കാബൂളിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക്‌ നേരെ താലിബാൻ ഭീകരർ വെടിയുതിർത്തിരുന്നു. എന്നാൽ ഭീഷണി വകവെയ്‌ക്കാതെ പെൺകുട്ടികളടക്കം കൂടുതൽ സ്‌ത്രീകൾ ശക്തമാകുന്ന പ്രതിഷേധങ്ങളുടെ ഭാഗമാകുകയാണ്‌.

പ്ലക്ക്‌ കാർഡുകളും പോസ്റ്ററുകളുമായി തെരുവിലിറങ്ങുന്ന സ്‌ത്രീകളെ താലിബാൻ അംഗങ്ങൾ തോക്കുകളുമായി നേരിടുന്നതിന്റെ നിരവധി ചിത്രങ്ങളാണ്‌ അഫ്‌ഗാനിസ്ഥാനിൽ നിന്ന്‌ മാധ്യമപ്രവർത്തകർ ട്വീറ്റ്‌ ചെയ്യുന്നത്‌.

തലസ്ഥാനമായ കാബൂളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വനിതകളിൽ ഒരാൾക്കു നേരെ താലിബാൻ ഭീകരൻ തോക്കുചൂണ്ടുന്നതും സ്‌ത്രീ നിർഭയമായി അയാൾക്കുനേരെ നോക്കി നിൽക്കുന്നതുമായ ചിത്രം ടോളോ ന്യൂസിന്റെ കാബൂൾ ലേഖിക സാറ റഹിമി ട്വീറ്റ്‌ ചെയ്‌തു.

നെഞ്ചിനു നേരെ തോക്കുചൂണ്ടിയ താലിബാൻ ഭീകരവാദിയോട്‌ നിർഭയമായി മുഖാമുഖം നിൽക്കുന്ന അഫ്‌ഗാൻ വനിത എന്ന കുറിപ്പോടെയാണ് ചിത്രം അവർ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റേതാണ് ചിത്രം.

വലിയ പ്രചാരമാണ്‌ നവമാധ്യമങ്ങളിൽ ചിത്രത്തിന്‌ ലഭിക്കുന്നത്‌. ബിബിസിയുടെ മാധ്യമ പ്രവർത്തകനായ ജമാലുദ്ദീൻ മൗസവിയും കാബൂളിലെ സ്‌ത്രീകളുടെ പോരട്ടത്തിന്റെ നിരവധി ചിത്രങ്ങൾ ട്വീറ്റ്‌ ചെയ്‌തു.

താലിബാനെതിരെ നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. പാകിസ്താൻ എംബസിയിലേക്കും വനിതകൾ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ പ്രതിഷേധങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിനുവരുന്ന സ്‌ത്രീകളെ പിരിച്ചുവിടാൻ താലിബാൻ വെടിയുതിർത്തതായി വാർത്തകളുണ്ടായിരുന്നു. ‌

അഫ്‌ഗാനിസ്ഥാനിലെ സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ പ്രാകൃതമായ മാർഗരേഖ താലിബാൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പെൺകുട്ടികൾ നിർബന്ധമായും മുഖം മറയ്‌ക്കണം, ക്ലാസ്‌ റൂമുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവേണം, പെൺകുട്ടികളെ വനിതാ അധ്യാപകർ തന്നെ പഠിപ്പിക്കണം, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക വാതിലുകൾ വേണം, ആൺകുട്ടികളും പെൺകുട്ടികളും ഇടവേളകളിൽ ഒരുമിച്ച്‌ ഇടപഴകാതിരിക്കാൻ പെൺകുട്ടികളുടെ ക്ലാസുകൾ അഞ്ച്‌ മിനിറ്റ്‌ മുമ്പായി അവസാനിപ്പിക്കണം, സഹപാഠികളായ ആൺകുട്ടികൾ കോളേജ്‌ പരിസരം വിട്ടുപോകുന്നതുവരെ പെൺകുട്ടികൾ വിശ്രമമുറികളിൽ തുടരണം തുടങ്ങിയ നിർദേശങ്ങളായിരുന്നു മാർഗരേഖയിലുള്ളത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News